വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തി: പശ്ചിമബംഗാളില്‍ പ്രതിഷേധം തെരുവ് യുദ്ധമായി

പശ്ചിമ ബംഗാളിലെ ചോപ്രയില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിഷേധം തെരുവ് യുദ്ധമായി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തിചാര്‍ജ് നടത്തുകയും ചെയ്തു. മൂന്ന് ബസുകളും ഒരു പൊലീസ് വാഹനവും അഗ്നിക്ക് ഇരയായി. കൊല്‍ക്കത്തയേയും സില്‍ഗുരിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയപാത 31 ല്‍ മണിക്കൂറുകളോളം ഗതാഗത തടസമുണ്ടായി.പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി. കഴിഞ്ഞ ദിവസം രാത്രി മുതല്‍ പെണ്‍കുട്ടിയെ കാണാതായിരുന്നു. നാട്ടുകാര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് ഇന്നലെ പെണ്‍കുട്ടിയുടെ മൃതദേഹം ഒരു മരച്ചുവട്ടില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം കണ്ടെത്തിയ രണ്ട് സൈക്കിളുകളും മൊബൈല്‍ ഫോണുകളും നാട്ടുകാര്‍ പോലീസിന് കൈമാറിയിട്ടുണ്ട്.പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് നാലു മണിക്കൂറോളം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും നടത്തി. മണിക്കൂറുകള്‍ക്കു ശേഷം സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും പെണ്‍കുട്ടിയുടെ മരണത്തെപ്പറ്റി അന്വേഷണം തുടങ്ങിയിട്ടുണെന്നും പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *