ഇന്ത്യൻ വിദേശകാര്യ മന്ത്രി മന്ത്രി എസ്.ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും തമ്മില്‍ കൂടിക്കാഴ്ച നടത്തി.റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനുള്ള പിഴയായി ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ഇന്ത്യൻ ഇറക്കുമതിയുടെ തീരുവ 50 ശതമാനമായി ഇരട്ടിയാക്കിയതിനുശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണ്. അധിക തീരുവയും എച്ച്-1ബി വിസയും കൂടിക്കാഴ്ചയില്‍ ചർച്ചയായി.
കഴിഞ്ഞ ദിവസം യുഎസ് എച്ച്-1ബി വിസ ഫീസ് 100,000 ഡോളറായി കുത്തനെ ഉയർത്തിയിരുന്നു.ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടുനിന്നതായാണ് വിവരം. കൂടിക്കാഴ്ച പോസിറ്റീവ് ആയിരുന്നുവെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ നിലനിന്നിരുന്ന ആശങ്കാജനകമായ എല്ലാ വിഷയങ്ങളും ഇരുവരും തുറന്നു ചർച്ച ചെയ്തു. പിയൂഷ് ഗോയല്‍ യുഎസ് വാണിജ്യ പ്രതിനിധി ജയ്മിസണ് ഗ്രീയറുമായും ചർച്ച നടത്തി.

വ്യാപാര കരാർ യാഥാർത്ഥ്യമാക്കുന്നതിന് ഇരുരാജ്യങ്ങളും തത്വത്തില്‍ ധാരണയായെഎന്നാണ് വിവരം.യുഎസ് ട്രേഡ് പ്രതിനിധി (യുഎസ്ടിആർ) ബ്രണ്ടൻ ലിഞ്ചിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ആഴ്ച ഇന്ത്യൻ വ്യാപാര പ്രതിനിധിയെ കാണാൻ ന്യൂഡല്‍ഹി സന്ദർശിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചർച്ചകള്‍ക്ക് അനുകൂല സാഹചര്യം ഒരുങ്ങിയത്.
അസിസ്റ്റന്റ് യുഎസ്ടിആർ ബ്രണ്ടൻ ലിഞ്ചിന്റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് പ്രതിനിധിയുടെ ഒരു സംഘം സെപ്റ്റംബർ 16 ന് യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട് വാണിജ്യ മന്ത്രാലയത്തിലാണ് കൂടിക്കാഴ്ചകള്‍ നടത്തിയത്.വ്യാപാര കരാറിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള ചർച്ചകള്‍ പോസിറ്റീവായിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീർ ജയ്സ്വാള്‍ പറഞ്ഞിരുന്നു.













