വിദേശ വനിതയുടെ കൊലപാതകം: അന്വേഷണ സംഘത്തെ അഭിനന്ദിച്ച്‌ ഡിജിപി


തിരുവനന്തപുരം: ലിത്വാനിയന്‍ സ്വദേശിനിയായ വനിത തലസ്ഥാനത്ത് മരിച്ച സംഭവത്തില്‍ പ്രതികളെ വളരെ വേഗം പിടികൂടിയ അന്വേഷണ സംഘത്തെ അഭിനന്ദിച്ച്‌ ഡിജിപി ലോക്നാഥ് ബെഹ്റ. തിരുവനന്തപുരത്ത് അന്വേഷണ സംഘത്തോടൊപ്പം വാര്‍ത്താ സമ്മേളനം നടത്തിയപ്പോഴാണ് ഡിജിപി ഉദ്യോഗസ്ഥരെ പ്രശംസിച്ചത്.


ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം കുറ്റവാളികളെ കണ്ടെത്തേണ്ട കേസായിരുന്നു ഇത്. മൃതദേഹം അഴുകിയിരുന്നതിനാല്‍ തെളിവുകള്‍ ലഭിക്കുക ബുദ്ധിമുട്ടായിരുന്നു. ഐജി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തില്‍ വളരെ മികച്ച രീതിയിലാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചത്. ഇത്തരം സംഭവങ്ങള്‍ നമ്മുടെ നാടിനെ ലോകത്തിന് മുന്നില്‍ മോശമായി ചിത്രീകരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുമെന്നും അതിനാല്‍ കുറ്റവാളികളെ കണ്ടെത്തേണ്ടത് അനിവാര്യമായിരുന്നുവെന്നും ഡിജിപി വ്യക്തമാക്കി.


പ്രതികള്‍ക്കെതിരേ കൊലക്കുറ്റത്തിന് പുറമേ ബലാത്സംഗക്കുറ്റവും പോലീസ് ചുമത്തിയിട്ടുണ്ട്. അന്വേഷണത്തില്‍ ഇരിക്കുന്ന കേസായതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നില്ലെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.



Sharing is Caring