വിജയ്മല്യയുടെ കാറുകള്‍ ലേലത്തിന്‌


രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ എട്ട് കാറുകള്‍ ലേലത്തിന് വെക്കുന്നു. മല്യയുടെ ആഢംബര വീട് ലേലത്തില്‍ പോകാത്തതിനു പിന്നാലെയാണ് കാറുകള്‍ ലേലത്തില്‍ വെക്കാന്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചത്.


നിക്ഷേപസമാഹരണ രംഗത്തെ പ്രസിദ്ധരായ എസ്ബിഐ ക്യാപ് ട്രസ്റ്റീ കമ്പനി ലിമിറ്റഡാണ് കാറുകള്‍ ലേലത്തില്‍ വെക്കുന്നത്. ആഗസ്ത് 25 നാണ് ലേലം. 6,963 കോടി രൂപയാണ് എസ്ബിഐയ്ക്ക് വിജയ് മല്യ വായ്പാ കുടിശ്ശികയായി നല്‍കാനുള്ളത്. കാറുകള്‍ക്ക് 13.70 ലക്ഷം രൂപ ലേലത്തില്‍ ലഭിക്കുമെന്നാണ് കരുതുന്നത്.


മല്യയുടെ അഢംബര വീട്ടില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറുകള്‍ ലേലത്തിലെടുക്കാനുള്ള രജിസ്‌ട്രേഷന് 2000 രൂപയാണ് ചാര്‍ജ്. ആഗസ്ത് 23 ആണ് രജിസ്‌ട്രേഷനുള്ള അവസാന തീയതി. ജൂലൈ 29 മുതല്‍ ആഗസ്ത് 5 വരെ കാറുകള്‍ പരിശോധിക്കാനുള്ള അവസരം ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് നല്‍കും.



Sharing is Caring