മംഗളൂരു: വിഖ്യാത സാക്സോഫോണ്‍ മാന്ത്രികന് കദ്രി ഗോപാല്‍നാഥ് അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ മംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 69 വയസ്സായിരുന്നു. ഏറെ നാളുകളാണ് ചികിത്സയിലായിരുന്നു.രാജ്യം പദ്മശ്രീ നല്കി ആദരിച്ച ഗോപാല്‍നാഥിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. അദ്ദേഹത്തിന്റെ മകന് കദ്രി മണികണ്ഠ് പ്രശസ്തനായ സംഗീതജ്ഞനാണ്. കുവൈറ്റിലുള്ള മകന് തിരികെ എത്തിയതിന് ശേഷമാകും മരണാനന്തര ചടങ്ങുകള്‍ നടക്കുക.
നാദസ്വര വിദ്വാന് താനിയപ്പയുടേയും ഗംഗമ്മയുടേയും മകനായി 1950ല്‍ ദക്ഷിണ കര്‍ണാടകയിലെ ബന്ത്വാല് താലൂക്കിലെ മൂഡാ ഗ്രാമത്തിലെ മിത്തികെരെയില് വച്ചായിരുന്നു ഗോപാല്‍നാഥിന്റെ ജനനം. കുട്ടിക്കാലത്ത് തന്നെ സംഗീതം അഭ്യസിച്ച അദ്ദേഹം മൈസൂരു കൊട്ടാരത്തിലെ ബാന്‍ഡ് സംഘത്തെ കണ്ടപ്പോള്‍ മുതലാണ് പാശ്ചാത്യ സംഗീതോപകരണമായ സാക്സോഫോണിനോട് കടുത്ത താത്പര്യം തോന്നിയത്.എന്‍. ഗോപാലകൃഷ്ണ അയ്യരില്‍ നിന്നും സാക്സോഫോണ്‍ അഭ്യസിക്കുകയും. ചെമ്ബൈ സംഗീതോത്സവത്തില്‍ ആദ്യ കച്ചേരി അവതരിപ്പിക്കുകയും ചെയ്യുന്നത്.

1994ല്‍ ലണ്ടനില്‍ ബിബിസിയുടെ പ്രൊമെനേഡ് കോണ്‍സേര്‍ട്ടിലും കദ്രി പങ്കെടുത്തു. ഇത്തരത്തില്‍ ക്ഷണിക്കപ്പെടുന്ന ആദ്യ കര്‍ണാടക സംഗീതജ്ഞനാണ് കദ്രി ഗോപാല്‍നാഥ്. കോണ്സേര്ക്കുള്ക്കും കച്ചേരികള്‍ക്കും പുറമെ നിരവധി ചലച്ചിത്ര പിന്നണിഗാനരംഗത്തും കദ്രി തന്റെ കൈയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്. 30ഓളം രാഗങ്ങള്‍ അദ്ദേഹം എ.ആര്.റഹമാന് വേണ്ടി മാത്രം വായിച്ചിട്ടുണ്ട്. സംഗീതനാടക അക്കാദമി പുരസ്കാരവും സംഗീത കലൈമാമണി പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.













