ന്യൂഡല്‍ഹി: 740 കോടി രൂപയുടെ സാമ്ബത്തികത്തട്ടിപ്പു കേസില്‍ ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ മുന്‍ പ്രമോട്ടര്‍ ശിവിന്ദര്‍ സിങ്ങിനെ ഡല്‍ഹി പൊലീസ് സാമ്ബത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. കവി അറോറ, സുനില്‍ ഗോധ്വാനി, അനില്‍ സക്സേന എന്നിവരും അറസ്റ്റിലായി.
റെലിഗെയര്‍ ഫിന്‍വെസ്റ്റ് പ്രമോട്ടര്‍ ആയിരിക്കെ സ്ഥാപനത്തില്‍ നിന്നു ശിവിന്ദര്‍ വായ്പയെടുത്ത പണം തനിക്കും സഹോദരന്‍ മല്‍വിന്ദര്‍ സിങ്ങിനും ബന്ധമുള്ള മറ്റു കമ്ബനികളില്‍ നിക്ഷേപിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. റെലിഗെയറിന്റെ പുതിയ മാനേജ്മെന്റാണു പരാതിക്കാര്‍. ഒളിവിലുള്ള മല്‍വിന്ദറിനായി തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.

മേയ് മാസം മുതല്‍ ഇവര്‍ക്കെതിരെ അന്വേഷണം നടക്കുകയാണ്. വിശ്വാസവഞ്ചന, തട്ടിപ്പ്, സാമ്ബത്തിക തിരിമറി തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന റാന്‍ബാക്സിയെ 2008ല്‍ ജപ്പാന്‍ ആസ്ഥാനമായ ഡയ്കി സാന്‍കോയ്ക്ക് വിറ്റിരുന്നു. വസ്തുതകള്‍ മറച്ചുവച്ച് വില്‍പന നടത്തിയതിന്റെ പേരില്‍ ഡയ്കി സാന്‍കോ നല്‍കിയ കേസില്‍ ഇവര്‍ 2,600 കോടിയോളം രൂപ പിഴയടയ്ക്കണമെന്ന് സിങ്കപ്പുര്‍ കോടതി വിധിച്ചിരുന്നു.













