കൊച്ചി: ലോക്ക്ഡൗണ്‍ മൂലം ഏപ്രിലില്‍ ‘വട്ടപ്പൂജ്യം” വില്പന കുറിച്ച ആഭ്യന്തര വാഹന വിപണിയില്‍ നിന്ന് മേയില്‍ കേട്ടത് ഉണര്‍വിന്റെ കാഹളം. ഏപ്രിലിലെ പൂജ്യത്തില്‍ നിന്ന് മികച്ച വില്പനയുടെ ട്രാക്കിലേക്ക് ഏതാണ്ടെല്ലാ കമ്ബനികളും കരകയറി. അതേസമയം, നിയന്ത്രണങ്ങള്‍ നിലനിന്നതിനാല്‍, 2019 മേയ് മാസവുമായി താരതമ്യം ചെയ്യുമ്ബോള്‍ കഴിഞ്ഞമാസത്തെ വില്പന നന്നേ കുറവാണ്. എങ്കിലും, ‘പൂജ്യത്തില്‍” നിന്ന് കരകയറിയതിന്റെ ആശ്വാസം വാഹന വിപണിയില്‍ ദൃശ്യമാണ്. വരും മാസങ്ങളില്‍ വില്പന കൂടുതല്‍ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.
കൊവിഡ് ഭീതിയും ലോക്ക്ഡൗണും മൂലം നിര്‍മ്മാണ പ്ളാന്റുകളും ഷോറൂമുകളും അടച്ചിട്ടതാണ് ഏപ്രിലിലെ വില്പനയെ ബാധിച്ചത്. മേയില്‍, കടുത്ത സുരക്ഷാ മാനദണ്ഡങ്ങളോടെ പ്ലാന്റുകളും ഷോറൂമുകളും തുറക്കാന്‍ കേന്ദ്രം അനുവദിക്കുകയായിരുന്നു. ഒട്ടുമിക്ക കമ്ബനികളും ഓണ്‍ലൈനിലൂടെയും ഉപഭോക്താക്കളെ കണ്ടെത്തി.

ടി.വി.എസ് മോട്ടോര്‍ കമ്ബനി 58,906 യൂണിറ്റുകളാണ് കഴിഞ്ഞമാസം വിറ്റഴിച്ചത്. ടൂ, ത്രീവീലറുകള്‍ ഇതിലുള്‍പ്പെടുന്നു. അശോക് ലെയ്‌ലാന്‍ഡിന്റെ വില്പന മേയില്‍ 89 ശതമാനം കുറഞ്ഞ് 1,420 യൂണിറ്റുകളാണ്. 2019 മേയില്‍ വില്പന 13,172 യൂണിറ്റുകളായിരുന്നു. റോയല്‍ എന്‍ഫീല്‍ഡിന്റെ വില്പന 69 ശതമാനം താഴ്‌ന്ന് 19,113 യൂണിറ്റുകളായി. കഴിഞ്ഞവര്‍ഷം മേയില്‍ 62,371 യൂണിറ്രുകള്‍ കമ്ബനി വിറ്റഴിച്ചിരുന്നു. 83 ശതമാനമാണ് ഹീറോ മോട്ടോകോര്‍പ്പിന്റെ നഷ്‌ടം. 6.52 ലക്ഷം യൂണിറ്രുകളില്‍ നിന്ന് 1.12 ലക്ഷം യൂണിറ്റുകളായാണ് താഴ്‌ന്നത്.
അതേസമയം, ഗ്രാമീണ മേഖലയില്‍ സമ്ബദ്പ്രതിസന്ധി കുറയുന്നുവെന്ന് സൂചിപ്പിച്ച് മഹീന്ദ്ര ട്രാക്‌ടര്‍ വില്പന രണ്ടു ശതമാനം ഉയര്‍ന്ന് 24,017 യൂണിറ്റുകളിലെത്തി. എന്നാല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കഴിഞ്ഞമാസം കുറിച്ചത് 79 ശതമാനം നഷ്‌ടമാണ്. വില്പന ഇടിഞ്ഞത് 45,421 യൂണിറ്റുകളില്‍ നിന്ന് 9,560 യൂണിറ്റുകളിലേക്ക്. ഹ്യുണ്ടായിയുടെ വില്പന നഷ്‌ടം 79 ശതമാനം. കഴിഞ്ഞമാസം കമ്ബനി വിറ്രഴിച്ചത് 12,583 കാറുകള്‍. 2019 മേയില്‍ വില്പന 59,102 യൂണിറ്റുകളായിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ കമ്ബനിയായ മാരുതി സുസുക്കി കഴിഞ്ഞമാസം മൊത്തം 18,539 യൂണിറ്റുകള്‍ പുതുതായി നിരത്തിലെത്തിച്ചു. 2019 മേയില്‍ വില്പന 1.34 ലക്ഷം യൂണിറ്രുകളായിരുന്നു. ആഭ്യന്തര വിപണിയിലെ വില്പന 13,888 യൂണിറ്റുകളാണ്. നഷ്‌ടം 88.93 ശതമാനമാണ്. കയറ്റുമതി 48.82 ശതമാനം താഴ്‌ന്ന് 4,651 യൂണിറ്റുകളിലെത്തി.













