കൊച്ചി/തിരുവനന്തപുരം: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും മലയാളിയുമായ ടിനു യോഹന്നാന് കേരള രഞ്ജി ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകന്. ഓസ്ട്രേലിയന്‍ പരിശീലകന് ഡേവ് വാട്മോറിന്റെ പിന്‍ഗാമിയാണു ടിനു. ഇന്നലെ ചേര്‍ന്ന കേരളാ ക്രിക്കറ്റ് അസോസിയേഷ(കെ.സി.എ)ന്റെ ജനറല്‍ ബോഡി യോഗമാണു ടിനുവിനെ പുതിയ ദൗത്യം ഏല്‍പ്പിച്ചത്.
ഇന്ത്യക്കുവേണ്ടി ടെസ്റ്റ് കളിച്ച ആദ്യ സമ്ബൂര്‍ണ മലയാളിയാണു ടിനു. 2001 ഡിസംബര്‍ മൂന്നിന് ഇംഗ്ലണ്ടിനെതിരേ മൊഹാലിയിലായിരുന്നു വലംകൈയന്‍ പേസ് ബൗളറായ ടിനുവിന്റെ ടെസ്റ്റ് അരങ്ങേറ്റം. തൊട്ടടുത്തവര്‍ഷം മേയ് 29 ന് വെസ്റ്റിന്‍ഡീസിനെതിരേ ഏകദിനത്തില്‍ ആദ്യമായി നീലക്കുപ്പായമണിഞ്ഞു. 2001-02 കാലയളവിലായി മൂന്നുവീതം ടെസ്റ്റ്, ഏകദിനങ്ങളില്‍ ഇന്ത്യക്കായി കളത്തിലിറങ്ങി. രണ്ടിലും അഞ്ചുവീതം വിക്കറ്റാണ് ടിനുവിന്റെ സമ്ബാദ്യം.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2009 സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനുവേണ്ടിയും കളിച്ചിട്ടുണ്ട്. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ കേരളത്തിനായി കളിച്ച 59 മത്സരങ്ങളില്‍നിന്ന് 145 വിക്കറ്റെടുക്കാന്‍ ടിനുവിനായി. കളിക്കളത്തില്‍നിന്നു വിരമിച്ചശേഷം കേരളാ രഞ്ജി ടീമിന്റെ ബൗളിങ് പരിശീലകനായും താല്‍ക്കാലിക പരിശീലകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കഴിഞ്ഞ സീസണില്‍ രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പ്രകടനം നിറംമങ്ങിയതാണു ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ ഏകദിന ലോകകപ്പ് ചാമ്ബ്യന്മാരാക്കിയ പരിവേഷവുമായത്തിയ ഡേവ് വാട്മോറിനു തിരിച്ചടിയായത്. 2017-ല്‍ ഏറെ പ്രതീക്ഷയോടെ പരിശീലകസ്ഥാനത്തു നിയോഗിച്ച വാട്മോറിനെ മാറ്റാന്‍ ഇതോടെ കേരളാ ക്രിക്കറ്റ് അസോസിയേഷന് (കെ.സി.എ) തീരുമാനിക്കുകയായിരുന്നു.
രഞ്ജി സീനിയര്‍ ടീമിനൊപ്പം അണ്ടര്‍ 23, 19, 16 ടീമുകളുടെ പരിശീലകരെയും മാറ്റി. മുന്‍ കേരളതാരം ഫിറോസ് റഷീദാണ് അണ്ടര്‍ 23 ടീമിന്റെ പുതിയ പരിശീലകന്. കേരള രഞ്ജിതാരവും ഓള്‍റൗണ്ടറുമായിരുന്ന സുനില്‍ ഒയാസിസിനാണ് അണ്ടര്‍ 19 ടീമിന്റെ പരിശീലനച്ചുമതല. പി.പ്രശാന്താണ് അണ്ടര്‍ 16 ടീമിന്റെ പുതിയ പരിശീലകന്. ഓണ്‍ലൈനില്‍ നടന്ന യോഗത്തിനൊടുവില്‍ ക്രിക്കറ്റ് ഉപദേശക സമിതിയുമായുള്ള കൂടിയാലോചനയ്ക്കു ശേഷമാണ് തീരുമാനമെടുത്തത്.
സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഹൈപെര്‍ഫോമന്‍സ് സെന്റര്‍ തുറക്കാനും ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനമായി. അന്തര്‍ജില്ലാ, സോണ്‍, ലീഗ് മത്സരങ്ങള്‍ പുനഃക്രമീകരിക്കാന്‍ ഭാരവാഹികളെ ചുമതലപ്പെടുത്തി. കോവിഡ്-19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കാസര്‍ഗോഡ്, കോഴിക്കോട്, പാലക്കാട്, മലപ്പുറം, പത്തനംതിട്ട ജില്ലാ ക്രിക്കറ്റ് അസോസിയേഷന് തിരഞ്ഞെടുപ്പ് ജില്ലാ ലീഗ് മത്സരങ്ങള്‍ക്ക് നടത്തിയതിനു ശേഷം നടത്താന്‍ തീരുമാനിച്ചു. ഈ ജില്ലകളില്‍ നിലവിലുള്ള ഭാരവാഹികളും എക്സിക്യൂട്ടീവ് കമ്മിറ്റിയും അടുത്ത തെരഞ്ഞെടുപ്പുവരെ തുടരും.













