വാവ്‌റിങ്ക, വീനസ് നാലാം റൗണ്ടില്‍


മൂന്നാം സീഡ് സ്റ്റാനിസ്ലാവ് വാവ്‌റിങ്ക, എട്ടാം സീഡ് ഡൊമിനിക് തീം, 10-ാം സീഡ് ഗെയ്ല്‍ മോണ്‍ഫില്‍സ്, യോഷിഹിതോ നിഷിയോക, പാബ്ലോ ക്യുവാസ് തുടങ്ങിയവര്‍ ഇന്ത്യന്‍ വെല്‍സ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ സിംഗിള്‍സ് നാലാം റൗണ്ടില്‍.


സ്വിസ് താരം വാവ്‌റിങ്ക 7-5, 6-3 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് ജര്‍മ്മനിയുടെ ഫിലിപ്പ് കോള്‍സ്‌കൈബറെ പരാജയപ്പെടുത്തിയാണ് അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. അമേരിക്കയുടെ ജോണ്‍ ഇസ്‌നറെ 6-2, 6-4 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയായിരുന്നു ഫ്രാന്‍സിന്റെ ഗെയ്ല്‍ മോണ്‍ഫില്‍സിന്റെ മുന്നേറ്റം. 29-ാം സീഡ് ജര്‍മ്മനിയുടെ മിഷ സ്വരേവിനെ 6-1, 6-4 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഡൊമിനിക് തീം അടുത്ത റൗണ്ടിലെത്തിയത്. 13-ാം സീഡ് തോമസ് ബര്‍ഡിച്ചിനെ അട്ടിമറിച്ചാണ് ജപ്പാന്‍ താരം യാഷിഹിതോ നിഷിയോകയുടെ കുതിപ്പ്. മൂന്നുസെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ജപ്പാന്‍ താരം വിജയിച്ചത്. സെര്‍ബിയയുടെ ദുസാന്‍ ലജോവിക്ക്, സ്പാനിഷ് താരം പാബ്ലോ ബുസ്റ്റ തുടങ്ങിയവരും നാലാം റൗണ്ടിലെത്തി.


വനിതാ സിംഗിള്‍സില്‍ ഒമ്പതാം സീഡ് അമേരിക്കയുടെ മാഡിസണ്‍ കെയ്‌സ്, 12-ാം സീഡ് വീനസ് വില്ല്യംസ്, 13-ാം സീഡ് ഡെന്മാര്‍ക്കിന്റെ കരോലിന വോസ്‌നിയാക്കി, ചൈനയുടെ പെങ് ഷുയി, ഫ്രഞ്ച് താരം ക്രിസ്റ്റിന മ്ലെഡനോവിക്ക് എന്നിവരും നാലാം റൗണ്ടിലെത്തി. നാലാം സീഡ് റുമാനിയയുടെ സിമോണ ഹാലെപ്പിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അട്ടിമറിച്ചായിരുന്നു മ്ലെഡനോവിക്കിന്റെ കുതിപ്പ്.



Sharing is Caring