കൊച്ചി: വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതിയാവശ്യപ്പെട്ട് കൊച്ചിയില്‍ പ്രതിഷേധ തെരുവു നാടകം. യുവകലാകാരന്മാരുടെ നേതൃത്വത്തിലായിരുന്നു നാടകം അരങ്ങേറിയത്.പ്രതികരണ ശേഷി നഷ്ടപ്പെട്ട ആള്‍ക്കൂട്ടത്തിനു നടുവില്‍ ഉയരുന്ന ഒറ്റയാന് പ്രതിഷേധം. അയാള്‍ വിളിച്ചു പറയുന്നതത്രയും വാളയാറിലെ പെണ്‍കുട്ടികളെ കുറിച്ചും സ്വന്തം വീട്ടിലെ ഒരു കുഞ്ഞിന് ദുര്‍ഗതി നേരിടും വരെ മൗനം പാലിക്കുന്ന മലയാളി പൊതുബോധത്തെ കുറിച്ചുമൊക്കെയായിരുന്നു. ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനു പകരം ചോദ്യം ചോദിച്ചയാളെ അകത്താക്കുന്ന ഭരണകൂടത്തെയും തെരുവു നാടകം വിമര്‍ശിക്കുന്നു.
യുവതാരങ്ങളായ നവജിത്ത്, റാഷിദ്ഖാന്, നിഖില്ജയന് എന്നിവരായിരുന്നു വാളയാര്‍ ഇരകള്‍ക്ക് നീതിയാവശ്യപ്പെട്ട് നാടകവുമായി കൊച്ചിയുടെ തെരുവിലിറങ്ങിയത്. എറണാകുളം ബോട്ട്ജെട്ടിയില്‍ നിന്ന് ആരംഭിച്ച കലാപ്രകടനം ജിസിഡിഎ കോംപ്ലക്സിനു മുന്നില്‍ സമാപിച്ചു.














