വായ മൂടെടാ പി.സി; കന്യാസ്ത്രീയ്ക്ക് പിന്തുണയുമായി നടി പാര്‍വതിയും; പ്രതിഷേധം ശക്തമായതോടെ ഖേദം പ്രകടിപ്പിച്ച് പി സി ജോര്‍ജ്


കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടത്തുന്ന കന്യാ സ്ത്രീകളുടെ സമരത്തിന് പിന്തുണ നല്‍കി നടി പാര്‍വ്വതിയും രംഗത്ത്. വായ മൂടെടാ പിസി ക്യാംപെയ്ന്‍ ഏറ്റെടുത്തു കൊണ്ടായിരുന്നു താരത്തിന്റെ ഐക്യദാര്‍ഢ്യം.


വായ മൂടെടാ പിസി ക്യാംപെയ്‌നിന്റെ ഭാഗമായതില്‍ അഭിമാനിക്കുന്നതായും സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണയര്‍പ്പിച്ചും തന്റെ ട്വിറ്റര്‍ പേജിലാണ് പാര്‍വതി അഭിപ്രായം രേഖപ്പെടുത്തിയത്. കന്യാസ്ത്രീകളുടെ പോരാട്ടവീര്യത്തെ അഭിവാദ്യം ചെയ്യുന്നുവെന്നും ഭയപ്പെടാതെ പോരാട്ടങ്ങളുമായി മുന്നോട്ട് പോകണമെന്നും പാര്‍വതി കുറിച്ചു.


അതേസമയം, കന്യാസ്ത്രീയെ വാക്കുകളാല്‍ അപമാനിച്ച പിസി ജോര്‍ജ്ജ് ഖേദപ്രകടനം നടത്തി. തന്റെ പരാമര്‍ശം തെറ്റായി പോയി എന്നും പരാമര്‍ശം പിന്‍വലിക്കുന്നതായും പിസി പറഞ്ഞു. പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

എന്നാല്‍ താന്‍ അവരെ കന്യാസ്ത്രീയായി കൂട്ടുന്നില്ലെന്നും പിസി ജോര്‍ജ് വ്യക്തമാക്കി. വേശ്യ എന്ന പദപ്രയോഗം നടത്താന്‍ പാടില്ലായിരുന്നു. എന്നാല്‍, ഈ പദപ്രയോഗം ഒഴിച്ച് താന്‍ പറഞ്ഞ എല്ലാ കാര്യങ്ങളിലും ഉറച്ചു നില്‍ക്കുകയാണ്’ പിസി ജോര്‍ജ് പറഞ്ഞു.

ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയ്ക്ക് പരാതി ഉണ്ടായിരുന്നെങ്കില്‍ ആദ്യ പീഡനം നടന്നപ്പോള്‍ പറയണമായിരുന്നു. പന്ത്രണ്ട് തവണ പീഡിപ്പിക്കപ്പെട്ടിട്ടും പതിമൂന്നാം തവണ മാത്രം പരാതി നല്‍കിയത് എന്തുകൊണ്ടാണെന്നായിരുന്നു പിസി ജോര്‍ജിന്റെ പരാമര്‍ശം. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഒറ്റ പരാമര്‍ശം കൊണ്ട് സമൂഹമാധ്യമങ്ങളില്‍ ഒരു വില്ലന്‍ പരിവേഷത്തിലെത്തി പിസിയ്ക്ക്.



Sharing is Caring