ലോകത്തെ മാറ്റിമറിച്ച സമവാക്യങ്ങള്‍ക്കൊപ്പം ഇനി നരേന്ദ്ര മോദിയും: ദിവ്യ സ്‌പന്ദന


ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ദ്ധിച്ച്‌ വരുന്ന ഇന്ധനവിലയില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വന്‍ പ്രതിഷേധമാണ് സംഘടിപ്പിക്കുന്നത്. ഇതിനിടെ വ്യത്യസ്തമായ പ്രതിഷേധമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ എം.പിയും കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ മേധാവിയുമായ നടി ദിവ്യ സ്പന്ദന. ലോകത്തെ മാറ്റിമറിച്ച സമവാക്യങ്ങള്‍ക്കൊപ്പം ഇനി നമോയുമുണ്ടെന്ന് പരിഹസിച്ചാണ് ദിവ്യ ട്വീറ്റ് ചെയ്തത്.


പൈഥഗോറസ്, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ഐസക് ന്യൂട്ടന്‍ എന്നിവരോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും ഉള്‍പ്പെടുത്തിയ ട്വീറ്റ് ഇതിനകം സോഷ്യല്‍ ലോകത്ത് തരംഗമായി കഴിഞ്ഞു. പൈഥഗോറസ് സിദ്ധാന്തവും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെയും ന്യൂട്ടന്റെയും സമവാക്യവും ഇന്ധന വില വര്‍ദ്ധനയില്‍ ബിജെപിയുടെ ബാര്‍ ഡയഗ്രവുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനൊപ്പം ലോകത്തെ മാറ്റിമറിച്ച സമവാക്യങ്ങളെന്ന് അടിക്കുറിപ്പും നല്‍കി.


അതേസമയം, ഇന്ധന വില വര്‍ദ്ധനയില്‍ കേന്ദ്ര സര്‍ക്കാരിന് പങ്കില്ലെന്ന് കേന്ദ്ര മന്ത്രിയും ബി.ജെ.പി വക്താവുമായ രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. ആഗോള തലത്തിലുള്ള ഘടകങ്ങളാണ് വിലവര്‍ദ്ധനയ്ക്ക് അടിസ്ഥാനം. സര്‍ക്കാരിന് അതിനെ നിയന്ത്രിക്കാനാകില്ല. എങ്കിലും ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച്‌ പരിഹാരത്തിന് ശ്രമിക്കുകയാണ്. ഇന്ധന വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിപക്ഷം ഭാരത് ബന്ത് നടത്തിയ പശ്‌ചാത്തലത്തിലാണ് മന്ത്രി പ്രതികരിച്ചത്.



Sharing is Caring