ലെബനനില്‍ ആക്രമണം കടുപ്പിച്ച്‌ ഇസ്രായേല്‍


ലെബനനില്‍ ആക്രമണം കടുപ്പിച്ച്‌ ഇസ്രായേല്‍.ഏറ്റവും ഒടുവില്‍ ഇസ്രായേല്‍ ലെബനന്റെ തെക്ക്, കിഴക്ക് മേഖലകളില്‍ നടത്തിയ ആക്രമണത്തില്‍ 52 പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ലെബനൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തലസ്ഥാന നഗരമായ ബെയ്‌റൂട്ട് ലക്ഷ്യമിട്ടും ഇസ്രായേല്‍ ആക്രമണം നടത്തിയെന്നും ലെബനൻ അറിയിച്ചു.


ലെബനന്റെ കിഴക്കൻ മേഖലയായ ബെക്കാ താഴ്‌വരയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 40 പേരാണ് കൊല്ലപ്പെട്ടത്. നേരത്തെ 22 പേർ മരിച്ചതായാണ് റിപ്പോർട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ മരണസംഖ്യ വർധിച്ചുവെന്നാണ് ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചത്. ആക്രമണത്തില്‍ നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്‌.


മഖ്‌നെ ഗ്രാമത്തിലെ ഒരു വീടിനുനേരെ നടത്തിയ ആക്രമണത്തില്‍ ദമ്ബതികളും അവരുടെ നാല് കുട്ടികളും കൊല്ലപ്പെട്ടുവെന്നും സമീപ പ്രദേശമായ നഭയില്‍ നടത്തിയ ആക്രമണത്തില്‍ സമാനമായി ദമ്ബതികളും അവരുടെ ഇളയ മകളും ഉള്‍പ്പെടെ 11 പേർ കൊല്ലപ്പെടുകയും ചെയ്തെന്നാണ് ലെബനൻ ദേശീയ വാർത്താ ഏജൻസിയായ എൻഎൻഎ റിപ്പോർട്ട് ചെയ്യുന്നു.

തെക്കൻ ലെബനനിലെ നബാതിയ ജില്ലയില്‍ ഏഴ് പേർ മരിച്ചതായും 24 പേർക്ക് പരിക്കേറ്റതായും ലെബനൻ മന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നുണ്ട്. തെക്കൻ ലെബനനിലെ മറ്റ് വിവിധ ഇടങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ കുറഞ്ഞത് അഞ്ച് പേരെങ്കിലും കൊല്ലപ്പെടുകയും ഇരുപതോളം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ടെന്നാണ് വിവരം.

മേഖലയില്‍ സംഘർഷം രൂക്ഷമാവുന്നതിനിടെ ഇസ്രായേലില്‍ ലെബനനില്‍ നിന്നുള്ള റോക്കറ്റ് ആക്രമണത്തില്‍ രാജ്യത്തിന്റെ വടക്ക് ഗലീലി മേഖലയില്‍ ഒരാള്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഒരു വർഷത്തോളം നീണ്ടുനിന്ന അതിർത്തിയിലെ ഏറ്റുമുട്ടലിന് ഒടുവില്‍ സെപ്റ്റംബർ മാസത്തിലാണ് ഇരു രാജ്യങ്ങളും പരസ്‌പരം നേരിട്ട് ഏറ്റുമുട്ടിയത്.

ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ട് ഉള്‍പ്പെടെയാണ് ഇസ്രായേല്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ബെയ്‌റൂട്ടിലെ ചില മേഖലകളില്‍ ഒരു ദിവസത്തിനിടെ 12 ആക്രമണങ്ങളാണ് തുടർച്ചയായി നടന്നതെന്നാണ് ലെബനൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഇത് ഇസ്രായേല്‍ തങ്ങളുടെ നയത്തില്‍ നിന്ന് ഒരടി പുറകോട്ടില്ലെന്നതിന്റെ സൂചനയാണ്.



Sharing is Caring