റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാർ ഒരു വ്യവസായിക്കു വേണ്ടി നരേന്ദ്ര മോദി സർക്കാർ അട്ടിമറിച്ചെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഡിഫൻസ് ഉൾപ്പെട്ടതിനെയാണു രാഹുൽ ചോദ്യം ചെയ്തത്.
പ്രതിരോധ മേഖലയിൽ പരിചയമില്ലാത്ത റിലയൻസിന് എങ്ങനെയാണ് ഈ കരാറിന്റെ ഭാഗമാകാൻ കഴിഞ്ഞതെന്നു രാഹുൽ ചോദിക്കുന്നു. റാഫേൽ ഇടപാട് കൊള്ളയാണെന്ന് നേരത്തേ രാഹുൽ ട്വിറ്ററിൽ ആരോപിച്ചിരുന്നു.

യുപിഎ സർക്കാരിന്റെ കാലത്താണ് ഫ്രഞ്ച് കന്പനിയായ ഡസോൾട്ട് ഏവിയേഷനിൽ നിന്നും യുദ്ധവിമാനങ്ങൾ വാങ്ങാൻ തീരുമാനിക്കുന്നത്. പിന്നീട് നരേന്ദ്രമോദി സർക്കാർ ഈ കരാറുമായി മുന്നോട്ടു പോയി. ആദ്യം 126 വിമാനങ്ങൾ വാങ്ങാനുള്ള പദ്ധതി സർക്കാർ മാറ്റം വരുത്തി 36 വിമാനങ്ങളാക്കി. എന്നാൽ, കൂടിയ വിലയ്ക്കാണ് കേന്ദ്ര സർക്കാർ ഇപ്പോൾ കരാറിൽ ഏർപ്പെട്ടിരിക്കുന്നതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
റിയലൻസ് ഡിഫൻസ് പ്രസ്താവനയിലൂടെ തങ്ങൾക്കെതിരായ ആരോപണങ്ങൾ പിൻവലിച്ചില്ലെങ്കിൽ കോണ്‍ഗ്രസിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് റിലയൻസ് വ്യക്തമാക്കിയിരുന്നു. ഇത് തള്ളിയാണ് രാഹുൽ വീണ്ടും ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്.













