റോഡില്‍ നിറയെ കുണ്ടും കുഴിയും അറ്റകുറ്റപ്പണി നടത്തിയില്ല ; മന്ത്രി നേരിട്ടെത്തി പോലീസില്‍ പരാതി നല്‍കി; കോണ്‍ട്രാക്ടര്‍ക്കെതിരേ കേസ്


റോഡിന്റെ അറ്റകുറ്റപ്പണി യഥാസമയം പൂര്‍ത്തിയാക്കാത്ത കരാറുകാരനെതിരേ മന്ത്രി നേരിട്ടെത്തി പോലീസിനു പരാതി നല്‍കി. കഴക്കൂട്ടം മുതല്‍ വെട്ടുറോഡു വരെയുള്ള ഭാഗത്തെ കുണ്ടും കുഴിയും നികത്താത്തതിനെതിരേ മന്ത്രി ജി.സുധാകരനാണു കഴക്കൂട്ടം എ.സി: എ. പ്രമോദ് കുമാറിന് പരാതി നല്‍കിയത്. സര്‍ക്കാരിനു വേണ്ടി നല്‍കിയ പരാതിയില്‍ മന്ത്രിയാണ് ഒപ്പിട്ടിട്ടുള്ളത്.
മംഗലപുരം – കരമന ദേശീയ പാതയുടെ അറ്റകുറ്റപ്പണിക്ക് കരാറെടുത്ത കിളിമാനൂര്‍ റിവൈവ് കണ്‍സ്ട്രക്ഷന്‍ കമ്ബനി ഉടമ നസറുദ്ദീനെതിരേയാണ് പരാതി. കരാര്‍ലംഘനം, സുരക്ഷാപ്രശ്നങ്ങള്‍, ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ക്കെല്ലാം ചേര്‍ത്ത് സിവിലായും ക്രിമിനലായും കേസെടുക്കണമെന്നാണ് മന്ത്രിയുടെ ആവശ്യം.
പൊട്ടിപ്പൊളിഞ്ഞ റോഡ് കഴക്കൂട്ടം ജങ്ഷനിലെത്തിയ മന്ത്രി നേരിട്ട് കണ്ടു. പൊതുമരാമത്ത് ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. കര്‍ശനനടപടി ഉണ്ടായില്ലെങ്കില്‍ ഉദ്യോഗസ്ഥരും മറുപടി പറയേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. ഈമാസം പത്തിന് മുമ്ബ് റോഡിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്കു മന്ത്രി നിര്‍ദേശം നല്‍കി.
ദേശീയപാത വിഭാഗം സൂപ്രണ്ടിങ് എന്‍ജിനീയര്‍ വിശ്വപ്രകാശ്, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ബിന്ദു എന്നിവരും സ്ഥലത്തുണ്ടായിരുന്നു. കരാറുകാരനെതിരേയും കമ്ബനിക്കെതിരേയും കഴക്കൂട്ടം പോലീസ് കേസെടുത്തു.




Sharing is Caring