തൃശൂര്‍: റെയില്‍വേ സ്റ്റേഷനില്‍ യുവാവിനു മയക്കുമരുന്നു നല്കി മയക്കി മൊബൈല്‍ ഫോണും പണവും ആഭരണങ്ങളും കവര്‍ന്നു. ആലപ്പുഴ സ്വദേശി ജിതിന്‍ലാലാണ് തട്ടിപ്പിനിരയായത്. മംഗലാപുരത്തു നിന്ന് ആലപ്പുഴയിലേക്കു വരുന്നതിനിടെ ഷൊര്‍ണൂരിലാണ് സംഭവം.
ആലപ്പുഴയിലേക്കു നേരിട്ടുള്ള ട്രെയിന്‍ പോയതിനെത്തുടര്‍ന്ന് അടുത്ത ട്രെയിന്‍ കാത്തിരിക്കുന്പോള്‍ മാന്യമായി വസ്ത്രം ധരിച്ച രണ്ടുപേര്‍ അടുത്തു കൂടുകയായിരുന്നു. ഇവര്‍ നല്കിയ ചായ കുടിച്ചയുടന്‍ ബോധം നഷ്ടപ്പെട്ടുവെന്നു യുവാവ് പറഞ്ഞു. ഒരു പവന് വരുന്ന മാലയടക്കമുള്ള ആഭരണങ്ങളും പണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഘം സ്ഥലംവിട്ടു.ബിടെക് ബിരുദധാരിയായ ജിതിന്‍ലാല്‍ ജോലിയുടെ ഭാഗമായാണു മംഗലാപുരത്തേക്കു പോയത്.

അബോധാവസ്ഥയില്‍ കണ്ടെത്തിയ ജിതിന്‍ലാലിനെ മറ്റു യാത്രക്കാര്‍ ചേര്‍ന്നു ഷൊര്‍ണൂര്‍ ആശുപത്രിയിലും പിന്നീട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കൈയില്‍ ലാപ്ടോപ് ഉണ്ടായിരുന്നെങ്കിലും അതു മോഷ്ടാക്കള്‍ കൊണ്ടുപോയില്ല. പോക്കറ്റിലുണ്ടായിരുന്ന പഴ്സിലെ പണം മുഴുവന്‍ എടുത്തു പഴ്സ് തിരികെവച്ചിട്ടുണ്ട്.













