റെയിൽവേ നടപ്പാതകൾ സൗകര്യമല്ല, യാത്രക്കാരുടെ അവകാശമാണെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ. മുംബൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് ഇക്കാര്യം മന്ത്രി പ്രഖ്യാപിച്ചത്.
യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനം. യോഗത്തിലെ പ്രധാന തീരുമാനങ്ങൾ മന്ത്രി ട്വീറ്റ് ചെയ്തു.

150 വർഷം പഴക്കമുള്ള കാര്യങ്ങൾക്കാണ് മാറ്റം വരുന്നത്. ഇനി മുതൽ നടപ്പാതകൾ യാത്രക്കാരുടെ സൗകര്യം മാത്രമല്ല, അവകാശം കൂടിയാണ്, പിയൂഷ് ഗോയൽ ട്വീറ്റ് ചെയ്തു.
പതിനഞ്ചു മാസത്തിനുള്ളിൽ മുംബൈയിലെ എല്ലാ സബർബൻ ട്രെയിനുകളിലും സി സി ടി വി സ്ഥാപിക്കാൻ തീരുമാനമായി. സുരക്ഷാ കാര്യങ്ങളിൽ ജനറൽ മാനേജർമാർക്ക് കൂടുതൽ അധികാരം നൽകും. തിരക്ക് അധികമുള്ള സ്റ്റേഷനുകളിൽ കൂടുതൽ എസ്കലേറ്ററുകൾ അനുവദിക്കും. ആയിരം കോടി മുടക്കി 40 യാർഡുകൾ നവീകരിക്കാനും തീരുമാനമായി. ഇതിൽ എട്ടെണ്ണം മുംബൈയിലേതാണ്.













