മകളുടെ സഹപാഠിയെ പീഡിപ്പിച്ചു; മുന്‍ അകാലിദള്‍ മന്ത്രിയ്‌ക്കെതിരെ കേസ്


പഞ്ചാബിലെ ഗുര്‍ദാസ്പുര്‍ ലോക്‌സഭാ മണ്ഡലത്തിലേക്ക് ഇടക്കാല തെരഞ്ഞെടുപ്പിനുള്ള പ്രചാരണം ചൂടുപിടിച്ചിരിക്കെ ബി.ജെ.പി- അകാലിദള്‍ സഖ്യത്തിന് തിരിച്ചടിയായി മുന്‍ അകാലിദള്‍ മന്ത്രിയ്‌ക്കെതിരെ പീഡനക്കേസ്. മുന്‍കൃഷിമന്ത്രിയും ശിരോമണി അകാലിദള്‍ നേതാവുമായിരുന്ന സുച്ചാസിങ് ലഗായ്‌ക്കെതിരെയാണ് യുവതി പരാതിയുമായി രംഗത്തുവന്നത്.


എട്ടുവര്‍ഷമായി തന്നെ സുച്ചാസിങ് പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് പരാതിക്കാരിയായ വനിതാ കോണ്‍സ്റ്റബിള്‍ പറയുന്നു. 20 മിനിറ്റ് ദൈര്‍ഘ്യമുള്ള പീഡനദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവും പരാതിക്കൊപ്പം യുവതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ സുച്ചാസിങിനെതിരെ കേസെടുത്തിട്ടുണ്ട്.


കോണ്‍സ്റ്റബിളായിരുന്ന ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ജോലി തേടി 2009 ലാണ് പരാതിക്കാരി സുഹൃത്തിനൊപ്പം സുച്ചാസിങിനെ കാണാനെത്തുന്നത്. അന്ന് അദ്ദേഹം കൃഷിമന്ത്രിയായിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് ഒറ്റയ്ക്ക് വന്നുകാണാന്‍ ആവശ്യപ്പെട്ട പ്രകാരം എത്തിയ യുവതിയെ സുച്ചാസിങ് മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. രണ്ടു കുട്ടികളുടെ അമ്മയാണ് താനെന്നും സുച്ചാസിങിന്റെ മകള്‍ക്കൊപ്പം കോളജില്‍ ഒരുമിച്ച് പഠിച്ചതാണെന്നു പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.

പലതവണ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച തന്നെ ഗുണ്ടകളുമായി നല്ല ബന്ധമുള്ള സുച്ചാസിങ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയില്‍ പറയുന്നു. അതിനിടെ തന്റെ പേരിലുള്ള ഭൂമി ഭീഷണിപ്പെടുത്തി വില്‍ക്കുകയും 30 ലക്ഷത്തോളം രൂപ സുച്ചാസിങ് തട്ടിയെടുക്കുകയും ചെയ്തുവെന്നും യുവതി പറയുന്നു.

എന്നാല്‍ ആരോപണം സുച്ചാസിങ് നിഷേധിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് എതിരാളികള്‍ പക പോക്കാന്‍ യുവതിയെ ഉപയോഗപ്പെടുത്തുകയാണെന്നും പരാതി വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു.



Sharing is Caring