റഷ്യയുടെ ലൂണ25 തകര്‍ന്ന് ചന്ദ്രനില്‍ ഗര്‍ത്തം രൂപപ്പെട്ടതായി നാസ. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ലാന്റ് ചെയ്യാന്‍ തയ്യാറെടുക്കവേ റഷ്യയുടെ ചാന്ദ്രപര്യവേക്ഷക ലാന്‍ഡര്‍ ലൂണ25 തകര്‍ന്ന് വീണ് 10 മീറ്റര്‍ വ്യാസത്തില്‍ ഗര്‍ത്തം രൂപപ്പെട്ടതായാണ് നാസ കണ്ടെത്തിയത്. ഓഗസ്റ്റ് 19ന് ആയിരുന്നു നിയന്ത്രണം നഷ്ടപ്പെട്ട് ലൂണ25 ചന്ദ്രോപരിതലത്തില്‍ പതിച്ചത്.യുഎസ് നാഷണല്‍ എയറോനോട്ടിക്സ് ആന്റ് സ്പേസ് അഡ്മിനിസ്ട്രേഷന്റെ ലൂണാര്‍ റിക്കണൈസന്‍സ് ഓര്‍ബിറ്റര്‍ പേടകമാണ് ഗര്‍ത്തത്തിന്റെ ചിത്രം പകര്‍ത്തിയത്. ലൂണ25 തകര്‍ന്ന് വീണ പ്രദേശത്താണ് ചന്ദ്രോപരിതലത്തിലെ പുതിയ ഗര്‍ത്തം കണ്ടെത്തിയത്.
ഇതേ തുടര്‍ന്നാണ് നാസ പുതിയ നിഗമനത്തിലേക്കെത്തിയത്.നാല്‍പ്പത്തിയേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം റഷ്യ തയ്യാറാക്കിയ ചാന്ദ്ര ദൗത്യമാണ് ലൂണ25ന്റെ നിയന്ത്രണം നഷ്ടമായതോടെ പരാജയപ്പെട്ടത്. ചന്ദ്രോപരിതലത്തിലെ മണ്ണിന്റെ പരിശോധന, ജലത്തിന്റെ സാന്നിധ്യം എന്നിവ വിലയിരുത്തുകയായിരുന്നു ലൂണ25ന്റെ ലക്ഷ്യം. എന്നാല്‍ ഭ്രമണപഥത്തിലേക്കിറങ്ങുന്നതിനിടെ ലൂണ25ന്റെ നിയന്ത്രണം നഷ്ടമായി ഉപരിതലത്തില്‍ ഇടിച്ചിറങ്ങുകയായിരുന്നു. പരാജയത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കാന്‍ റഷ്യ ഇന്റര്‍ ഡിപ്പാര്‍ട്ട്മെന്റല്‍ കമ്മിഷന് രൂപീകരിച്ചു.














