റഷ്യയിലെ ഷോപ്പിംഗ് മാളിലുണ്ടായ തീപിടുത്തത്തില്‍ 37 പേര്‍ മരിച്ചു


കെമറോ: റഷ്യയിലെ കെമറോവിലുള്ള ഷോപ്പിംഗ് മാളിലുണ്ടായ വന്‍ തീപിടുത്തത്തില്‍ 37 പേര്‍ മരിച്ചു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം. 69 ഓളം പേര്‍ മാളില്‍ കുടുങ്ങി കിടപ്പുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതില്‍ 40 പേര്‍ കുട്ടികളാണ്.റഷ്യന്‍ ദുരന്തനിവാരണ വിഭാഗമാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. സംഭവത്തെതുടര്‍ന്ന് സമീപത്തെ കെട്ടിടങ്ങളിലും മറ്റുമുള്ള മുഴുവന്‍ ആളുകളെയും അഗ്‌നിശമനസേനാ വിഭാഗം ഒഴിപ്പിച്ചു.


ഷോപ്പിംഗ് മാളിനുള്ളിലെ സിനിമാ തിയറ്ററില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് പുറത്തു വരുന്ന പ്രാഥമിക വിവരം. എന്നാല്‍ തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീ ഇതുവരെ പൂര്‍ണമായി നിയന്ത്രണവിധേയമായിട്ടില്ല. അഗ്നിശമന സേന ഇപ്പോഴും തീ അണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്.തീപടര്‍ന്നു പിടിക്കുന്ന സമയത്ത് മാളിനുള്ളില്‍ 200ലേറെപ്പേര്‍ ഉണ്ടായിരുന്നെന്നാണ് വിവരം. ഇവരില്‍ 100 ലേറെപ്പേരെ രക്ഷിച്ചെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. സ്ഥലത്ത് പോലീസ് സുരക്ഷ ശക്തമാക്കി.




Sharing is Caring