കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ വിശ്വാസികളുമായി ഇന്ന് ഒത്തുതീര്‍പ്പ് ചര്‍ച്ച. പരാതിക്കാരും ആര്‍ച്ച് ഡയോഷ്യന്‍ മൂവ്മെന്റ് ഫോര്‍ ട്രാന്‍സ്പെരന്‍സി പ്രവര്‍ത്തകരുമായാണ് ചര്‍ച്ച. വൈകിട്ട് അഞ്ചിന് ബിഷപ് ഹൗസില്‍ സഹായ മെത്രാന്മാരായ മാര്‍ സെബാസ്റ്റിയന് എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ചര്‍ച്ച. കെ.സി.ബി.സി ഭാരവാഹികളും ചര്‍ച്ചയില്‍ പങ്കെടുക്കും.
ഭൂമി വിവാദത്തില്‍ കെ.സി.ബി.സിയുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അനുരഞ്ജന ചര്‍ച്ച ഏറെക്കുറെ വിജയമായിരുന്നു. കര്‍ദ്ദിനാള്‍ ക്ലിമ്മീസ് മാര്‍ ബസേലിയോസിന്റെയും ആര്‍ച്ച് ബിഷപ് മാര്‍ സൂസൈപാക്യത്തിന്റെയും നേതൃത്വത്തില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ ഭൂമി ഇടപാടില്‍ തെറ്റുപറ്റിയതായി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഏറ്റുപറഞ്ഞിരുന്നു. തുടര്‍ന്ന് നടന്ന വൈദിക സമിതി യോഗത്തിലും പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. പ്രശ്നം ഒത്തുതീര്പ്പാവുകയാണെന്ന് കര്‍ദ്ദിനാള്‍ ഓശന ഞായറാഴ്ച നല്കിയ സന്ദേശത്തിലും വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇടപാടില്‍ വ്യക്തത ആവശ്യപ്പെട്ട് ഒരു വിഭാഗം വിശ്വാസികള്‍ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിലാണ് പരാതിക്കാരെയും ട്രാന്‍സ്പെരന്‍സി പ്രവര്‍ത്തകരെയും ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. ഈസ്റ്ററിനു മുന്‍പ് പ്രശ്നത്തിന് പരിഹാരമുണ്ടാക്കാനാണ് സഭാ നേതൃത്വം തിരക്കിട്ട അനുരഞ്ജന ചര്‍ച്ചകള്‍ക്ക് വിളിച്ചിരിക്കുന്നത്.
ഭൂമി ഇടപാടില്‍ ഹൈക്കോടതിയിലും സുപ്രീം കേടതിയിലും കേസുകളും നിലനില്‍ക്കുന്നുണ്ട്. കര്‍ദ്ദിനാളിനും മറ്റു മൂന്നു പേര്‍ക്കുമെതിരെ കേസെടുക്കാനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് നിലവില്‍ ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തിരിക്കുകയാണ്. ഏപ്രില്‍ മൂന്നിനാണ് ഈ കേസ് ഇനി പരിഗണിക്കുന്നത്. അതിനിടെ, ഇടനിലക്കാരന് സാജു വര്‍ഗീസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജി 28ന് പരിഗണിക്കുന്നുണ്ട്. കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളില്‍ സഭാ നേതൃത്വം ഇടപെടില്ലെങ്കിലും വിശ്വാസികള്‍ക്കിടയിലുള്ള ചേരിതിരിവ് അവസാനിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്.













