രാഹുല്‍ മാങ്കൂട്ടത്തില്‍- പി വി അന്‍വര്‍ കൂടിക്കാഴ്ച തെറ്റായി തോന്നുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. തികച്ചും വ്യക്തിപരമായ കൂടിക്കാഴ്ചയാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ടെന്നും ആ കൂടിക്കാഴ്ചയില്‍ മറ്റൊരു ഉദ്ദേശവും ഇല്ലെന്നും കെ മുരളീധരന് പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി ഡി സതീശന് രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടി നിര്‍ദേശിക്കാതെ പി വി അന്‍വറിനെ കാണാന്‍ പോയത് തെറ്റാണെന്നും താന്‍ വ്യക്തിപരമായി ശാസിക്കുമെന്നും പറയുമ്പോഴാണ് കെ മുരളീധരന് ആ കൂടിക്കാഴ്ചയില്‍ തെറ്റൊന്നും ഇല്ലെന്ന നിലപാട് പരസ്യമായി എടുക്കുന്നത്.

തികച്ചും വ്യക്തിപരമായ കൂടിക്കാഴ്ചയാണെന്ന് രാഹുല്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടി പറഞ്ഞിട്ടല്ല പോയതെന്നും അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ അതിനെ ആ രീതിയില്‍ കണ്ടാല്‍ മതിയെന്നാണ് കെ മുരളീധരന് പറയുന്നത്.
അല്ലാതെ ഏതെങ്കിലും ദൗത്യം നിര്‍വഹിക്കാന്‍ പോയതല്ലെന്നും ഇക്കാര്യം രാഹുല്‍ തന്നെ പറഞ്ഞ സ്ഥിതിക്ക് ആ കൂടിക്കാഴ്ച ഒരു വിവാദമാക്കേണ്ട കാര്യമൊന്നും ഇല്ലെന്നുമാണ് മുരളീധരന്റെ നിലപാട്.
പിണറായിക്കെതിരേ പോരാടുന്ന ആളാണ് അന്‍വര്‍. അതിന് പിന്തുണ വേണമെന്നാണ് രാഹുല്‍ അഭ്യര്‍ഥിച്ചതെന്നും മുരളീധരന് പറഞ്ഞു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ അഞ്ചാം തീയതി വരെ സമയമുണ്ടല്ലോ. അന്‍വറിന് അദ്ദേഹത്തിന്റെ നിലപാട് പുനഃപരിശോധിക്കാന്‍ ധാരാളം സമയമുണ്ട്.
അതുകൊണ്ടു തന്നെ അക്കാര്യം വ്യക്തിപരമായി സംസാരിക്കാന്‍ വേണ്ടി മാത്രമാണ് രാഹുല്‍ അന്‍വറിനെ സന്ദര്‍ശിച്ചത്. അതൊരു തെറ്റായി താന്‍ കാണുന്നില്ലെന്നും മുരളീധരന് വ്യക്തമാക്കി













