തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങള്‍ കുറഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കണ്ണൂരില്‍ മാത്രം ഒമ്പത് രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടായതായും മുഖ്യമന്ത്രി അറിയിച്ചു. ഷുഹൈബ് വധത്തില്‍ കേന്ദ്ര ഏജന്‍സിയേക്കൊണ്ട് അന്വേഷിപ്പിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ഷുഹൈബ് വധത്തില്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമാണ്. കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ടെങ്കില്‍ അതുമായി മുന്നോട്ടുപോകും. പ്രതികളുടെ മേല്‍ യു.എ.പി.എ ചുമത്തേട്ട സാഹചര്യമില്ലെന്ന നിലപാടും അദ്ദേഹം ആവര്‍ത്തിച്ചു.

തന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കണ്ണൂരില്‍ മാത്രം ഒമ്പത് രാഷ്ട്രീയ കൊലപാതകങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇതില്‍ ബി.ജെ.പി, സി.പി.എം, എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. ഈ കേസുകളിലും അന്വേഷണം പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് പൊതുവേ രാഷ്ട്രീയ കൊലപാതകങ്ങള്‍ കുറച്ചു കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2016-ല്‍ സംസ്ഥാനത്താകെ 10 രാഷ്ട്രിയ കൊലപാതകങ്ങളാണ് നടന്നത്. 2017-ല്‍ അത് 5 ആയി കുറയുകയും ചെയ്തു. ഷുഹൈബ് വധക്കേസ് അന്വേഷണത്തില്‍ പോലീസില്‍ നിന്ന് വിവരം ചോര്‍ന്നുവെന്ന ആരോപണവും മുഖ്യമന്ത്രി തള്ളി. അത്തരമൊരു വിവരം സര്‍ക്കാരിനില്ല. വരുന്ന വാര്‍ത്തകളെല്ലാം വിശ്വാസിച്ചാല്‍ നമ്മള്‍ കുഴപ്പത്തിലാവും. ചെന്നൈയില്‍ പോയ തന്റെ പ്ലേറ്റ് ലെറ്റ് കുറഞ്ഞെന്നു വരെ വാര്‍ത്ത വന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.













