രാഷ്ട്രീയ പ്രതിസന്ധി: തമിഴ്‌നാട് ഗവര്‍ണര്‍ ശശികലയുമായും പനീര്‍ശെല്‍വവുമായും കൂടിക്കാഴ്ച നടത്തും


തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് തീരുമാനവുമായി ഗവര്‍ണര്‍ വിദ്യാസാഗര്‍ ഇന്ന് ചെന്നൈയിലെത്തും. ഉച്ചകഴിഞ്ഞ് എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികലയുമായും എം.എല്‍.എമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. കൂടാതെ ഗവര്‍ണറെ കാണുമെന്ന് മുഖ്യമന്ത്രി പനീര്‍ശെല്‍വം അറിയിച്ചു.


ജയലളിതയുടെ മരണം സംബന്ധിച്ച് റിട്ട. ജഡ്ജിയുടെ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടുതല്‍ എം.എല്‍.എമാര്‍ പിന്തുണക്കുമെന്നാണ് പനീര്‍സെല്‍വം പ്രതീക്ഷിക്കുന്നത്. മുന്‍ സ്പീക്കര്‍ പി.എച്ച് പാണ്ഡ്യന്‍, മുതിര്‍ന്ന രാജ്യസഭാംഗം ഡോ. വി മൈത്രേയന്‍ എന്നിവരാണ് പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള പ്രമുഖര്‍. കൂടുതല്‍ എം.എല്‍.എമാര്‍ കൂറുമാറാതിരിക്കാന്‍ ശശികല അവരെ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അനധികൃത സ്വത്ത് സമ്പാദന കേസിലെ ഹര്‍ജിയില്‍ സുപ്രിം കോടതി വിധി പറയാനിരിക്കെ ശശികല അധികാരത്തിലേറുന്നത് ഉചിതമല്ലെന്നാണ് ചില നിയമവിദഗ്ധരുടെ വാദം. എന്നാല്‍, അതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നാണ് അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായം.


പാര്‍ട്ടിയിലെ 134 എം.എല്‍.എമാരില്‍ 133 പേരുടെയും പിന്തുണ തനിക്കുണ്ടെന്നാണ് ശശികലയുടെ അവകാശവാദം. എന്നാല്‍, ഇവരില്‍ അഞ്ച് എം.എല്‍.എമാര്‍ പനീര്‍ശെല്‍വത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. വരുംദിനങ്ങളില്‍ കൂടുതല്‍ പേര്‍ പിന്തുണ അറിയിക്കുമെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.



Sharing is Caring