ന്യൂഡല്‍ഹി: അയോദ്ധ്യ-ബാബറി മസ്ജിദ് ഭൂമിതര്‍ക്ക കേസ് വാദത്തിനിടെ സുപ്രീം കോടതിയില്‍ പൊട്ടിത്തെറി. സുന്നി വഖഫ് ബോര്‍ഡിന്റെ അഭിഭാഷകനായ രാജീവ് ധവാന്‍ ഹിന്ദു മഹാസഭയുടെ അഭിഭാഷകന്‍ എതിര്‍വാദത്തിനായി തനിക്ക് കൈമാറിയ ‘രാമന്റെ ജന്മഭൂമി ഏതാണെന്ന് വ്യക്തമാക്കുന്ന’ ഭൂപടം വലിച്ച് കീറിയതോടെയാണ് സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍ക്ക് തുടക്കമായത്. ഇത്തരം രേഖകള്‍ക്ക് ഒരു വിലയുമില്ലെന്നും ഇവ സ്വീകരിക്കരുതെന്നും പറഞ്ഞാണ് ധവാന്‍ ഭൂപടം കീറിയത്.
മാപ്പ് വലിച്ചുകീറിയ രാജീവിനോട് ‘വേണമെങ്കില്‍ ഇനിയും അത് കീറാം’ എന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പരിഹാസരൂപേണ പറയുകയും ചെയ്തു. ഹിന്ദുമഹാസഭയുടെ അഭിഭാഷകന്‍ വികാസ് സിംഗ് തനിക്ക് കൈമാറിയ ഭൂപടം സത്യാവിരുദ്ധമാണെന്ന് ആരോപിച്ചുകൊണ്ടായിരുന്നു രാജീവ് ധവാന്‍ അത് വലിച്ചുകീറിയത്. തുടര്‍ന്ന്, ഇത്തരത്തിലുള്ള വാദങ്ങളുമായി അഭിഭാഷകര്‍ മുന്നോട്ട് പോകുകയാണെങ്കില്‍ തങ്ങള്‍ കോടതിയില്‍ നിന്നും ഇറങ്ങി പോകുമെന്ന് ചീഫ് ജസ്റ്റിസ് ഗോഗോയ് ഉള്‍പ്പെടെയുള്ളവര്‍ മുന്നറിയിപ്പ് നല്‍കി.മാത്രമല്ല, അഭിഭാഷകരുടെ വാദങ്ങള്‍ കോടതിയുടെ സമയം നഷ്ടമാക്കുകയാണെന്നും ഹാജരാക്കിയ രേഖകള്‍ ന്യായാധിപന്മാര്‍ വായിച്ച് മനസിലാക്കുന്നതാണ് നല്ലതെന്നും കോടതി പറഞ്ഞു.

ഇതിനിടെ അയോദ്ധ്യ കേസിലെ മദ്ധ്യസ്ഥ ചര്‍ച്ചകള്‍ വിജയകരമെന്ന് സുപ്രീം കോടതി നിയോഗിച്ച മദ്ധ്യസ്ഥ സമിതി ഇന്ന് അറിയിച്ചിട്ടുണ്ട്. അയോദ്ധ്യ കേസിലെ വാദം സുപ്രീം കോടതിയില്‍ ഇന്ന് അവസാനിക്കുകയാണ്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചാംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേട്ടത്.
അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ എത്തിയ 14 ഹര്‍ജികളിലാണ് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ച് വാദം കേള്‍ക്കുന്നത്. ഇന്ന് വാദം കേള്‍ക്കലിന്റെ നാല്പതാം ദിവസമാണ്. നവംബര്‍ 15ന് മുമ്ബ് അയോധ്യ ഹര്‍ജികളില്‍ ഭരണഘടനാ ബെഞ്ച് വിധി പറയുമെന്നാണ് വിവരം.













