രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്റെ ഹരജിയില്‍ സുപ്രിം കോടതി സി.ബി.ഐക്ക് നോട്ടിസയച്ചു. തന്റെ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പേരറിവാളന് സുപ്രിം കോടതിയെ സമീപിച്ചത്. ഹരജിയില്‍ മൂന്നാഴ്ചക്കകം മറുപടി നല്‍കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കേസ് വീണ്ടും ഫെബ്രുവരി 21ന് പരിഗണിക്കും.
കേസിലെ ഏഴ് പ്രതികളുടെ വിട്ടയക്കുന്ന വിഷയത്തില്‍ കഴിഞ്ഞ ദിവസം സുപ്രിംകോടതി കേന്ദ്ര സര്‍ക്കാറിനോട് വിശദീകരണം തേടിയിരുന്നു.

രാജീവ് വധക്കേസില്‍ പേരറിവാളന്റെ വധശിക്ഷ സുപ്രിംകോടതി ജീവപര്യന്തമാക്കി കുറച്ചിരുന്നു. രാജീവ് ഗാന്ധിയെ വധിക്കാനുപയോഗിച്ച ബോംബ് നിര്‍മിക്കാന്‍ ഒമ്പത് വോള്‍ട്ടിന്റെ രണ്ട് ബാറ്ററി നല്‍കിയെന്ന കുറ്റത്തിനാണ് പേരറിവാളനെ കോടതി ശിക്ഷിച്ചത്. എന്നാല്‍ ബോംബ് നിര്‍മാണത്തിന് പിന്നിലെ ഗൂഢാലോചന സംബന്ധിച്ച സി.ബി.ഐ.യുടെ അന്വേഷണം ഇപ്പോഴും തുടരുകയാണെന്ന് പേരറിവാളന് നേരത്തെ കോടതിയെ അറിയിച്ചിട്ടുണ്ട്.
26 വര്‍ഷമായി ജയിലില്‍ കഴിയുന്ന 45കാരനായ പേരറിവാളനെ മോചിതനാക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ അഭിപ്രായം തേടിയിട്ടുണ്ട്. രണ്ടുവര്‍ഷമായിട്ടും കേന്ദ്രം ഇതിന് മറുപടി നല്‍കിയിട്ടില്ല.
കേസ് അന്വേഷിച്ച സി.ബി.ഐ.യുടെ അന്നത്തെ എസ്.പി. വി. ത്യാഗരാജന് രേഖപ്പെടുത്തിയ, പേരറിവാളന്റെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്. ബാറ്ററി വാങ്ങുമ്പോള്‍ അത് എന്തിനായിരുന്നെന്ന് പേരറിവാളന് അറിയില്ലായിരുന്നെന്ന് ത്യാഗരാജന്റെ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
1991 മേയ് 21ന് രാത്രിയാണ് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ വെച്ച് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.ജൂണ്‍ പതിനൊന്നിനാണ് പേരറിവാളന് അറസ്റ്റിലാവുന്നത്.













