രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷമായിരിക്കെ ഇന്ന് 10 മണിക്ക് വീണ്ടും നിയമസഭാ കക്ഷി യോഗം ചേരും. ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് യോഗത്തിനെത്തുമോ എന്ന് വ്യക്തമല്ല. സച്ചിൻ തിരിച്ചെത്തിയാൽ അർഹമായ സ്ഥാനം നൽകാൻ പുനസംഘടന ഉണ്ടാകും. അതേസമയം മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ഭൂരിപക്ഷം തെളിയിക്കണമെന്ന് ബി.ജെ.പി ഔദ്യോഗികമായി ആവശ്യപ്പെടാനാണ് സാധ്യത.
സച്ചിൻ പൈലറ്റിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് മുതിർന്ന നേതാക്കൾ. ഇതിന്‍റെ ഭാഗമായാണ് വീണ്ടും നിയമസഭ കക്ഷി യോഗം വിളിച്ചത്. പരാതികൾ പരിഹരിക്കാമെന്ന ഉറപ്പും സച്ചിന് ഹൈക്കമാൻഡ് നൽകി. യോഗത്തിനെത്തി കൂട്ടായി പ്രശ്നങ്ങൾ ചർച്ച ചെയ്യാമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. നേരത്തെ 17 പേർ ഒപ്പമുണ്ട് എന്നറിയിച്ച സച്ചിൻ പൈലറ്റ് നിലവിൽ 30 പേർ ഉണ്ടന്നാണ് അവകാശപ്പെടുന്നത്.

രണ്ട് മന്ത്രിമാരുൾപ്പെടെ 12 പേരുടെ പിന്തുണ മാത്രമാണ് സച്ചിനുള്ളത് എന്ന് ഗെഹ്‌ലോട്ട് പറയുന്നു. 109 പേരുടെ പിന്തുണ ഉണ്ടെന്നാണ് ഗലോട്ട് പക്ഷം അവകാശപ്പെടുന്നത്. ഇതിൽ ഭാരതീയ ട്രൈബൽ പാർട്ടിയുടെ രണ്ട് എം.എല്‍.എമാർ വിശ്വാസ വോട്ടെടുപ്പ് ഉണ്ടായാൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. 107 എം.എൽ.എമാരെ ഫെയർമൗണ്ട് റിസോർട്ടിൽ പാർപ്പിച്ചിരിക്കുകയാണ്. ഭൂരിപക്ഷം ഉറപ്പിച്ചിട്ടുള്ളതിനാൽ തർക്കത്തിൽ ഹൈക്കമാൻഡ് നിലയുറപ്പിച്ചിരിക്കുന്നത് ഗെഹ്‌ലോട്ടിനൊപ്പമാണ്.
യുവാവ് ആയിരിക്കെ തന്നെ , കേന്ദ്രമന്ത്രി, പി.സി.സി അധ്യക്ഷൻ, ഉപമുഖ്യമന്ത്രി പദങ്ങൾ സച്ചിന് പാർട്ടി നൽകിയിട്ടുണ്ട് എന്നും ആവർത്തിക്കുന്നു. തർക്ക പരിഹാരത്തിനായി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, അജയ് മാക്കൻ തുടങ്ങിയ നേതാക്കളും ജയ്‌പുരിൽ തുടരുന്നുണ്ട്. അതേസമയം സാഹചര്യം നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ബി.ജെ.പി ഗെഹ്‌ലോട്ട് സർക്കാർ വിശ്വാസവോട്ടെടുപ്പ് തേടണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെടാൻ സാധ്യതയുണ്ട്.













