ജനീവ: ഞായറാഴ്ച ലോകത്തുണ്ടായ പുതിയ കോവിഡ് ബാധയില്‍ പകുതിയും രണ്ടു രാജ്യങ്ങളില്‍ നിന്നാണെന്ന് ലോകാരോഗ്യ സംഘടന. ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനം ഗബ്രിയേസിസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടു രാജ്യങ്ങളുടെ പേരുകള്‍ അദ്ദേഹം പറഞ്ഞില്ല.
ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ഞായറാഴ്ച പുതുതായി രോഗം ബാധിച്ചത് 2,30,000 പേര്‍ക്കാണ്. അതില്‍ 80 ശതമാനവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 10 രാജ്യങ്ങളില്‍ നിന്നായാണ്. മാത്രമല്ല, മൊത്തം രോഗബാധയുടെ പകുതിയും രണ്ടു രാജ്യങ്ങളില്‍ നിന്നാണുണ്ടായത്.- അദ്ദേഹം വിശദീകരിച്ചു. ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ രാജ്യങ്ങളുടെ പേരുകള്‍ വിശദീകരിച്ചില്ലെങ്കിലും ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരം അമേരിക്ക, ബ്രസീല്‍, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നായി 1,12,000 കേസുകളാണ് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
കോവിഡ് പ്രതിരോധ കാര്യത്തില്‍ നിരവധി രാജ്യങ്ങള്‍ തെറ്റായ ദിശയിലാണ് സഞ്ചരിക്കുന്നതെന്നും ടെഡ്രോസ് തുറന്നടിച്ചു. നിരവധി സര്‍ക്കാരുകളും ജനങ്ങളും കോവിഡിനെ ഗൗരവത്തിലെടുക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.