രണ്ടു വേനല്‍ പിന്നിട്ടു; സര്‍ക്കാരിന്റെ കുപ്പിവെള്ള പദ്ധതി ഇപ്പോഴും അനിശ്ചിതത്വത്തില്‍


തിരുവനന്തപുരം: വാഗ്ദാനം നല്‍കി രണ്ടു വേനല്‍ക്കാലം പിന്നിട്ടിട്ടും സര്‍ക്കാരിന്റെ കുപ്പിവെള്ള പദ്ധതി വിപണിയിലെത്തിയില്ല. സ്വകാര്യ കമ്ബനികള്‍ പ്രതിദിനം ലക്ഷങ്ങള്‍ സമ്ബാദിക്കുമ്ബോള്‍ സര്‍ക്കാരിന്റെ പ്രഖ്യാപനം എന്നത്തേതും പോലെ പാഴാകുന്നു. 2016 എപ്രില്‍ മാസത്തോടെ കുപ്പിവെള്ളം വിപണിയിലെത്തുമെന്നായിരുന്നു മന്ത്രി മാത്യൂ ടി തോമസ് നിയമ സഭയില്‍ പ്രഖ്യാപിച്ചിരുന്നത്.


അതേ സമയം ബിഐഎസ് അംഗീകാരം ലഭിക്കാത്തതും, കുടിവെള്ള പ്ലാന്റെ എത്താത്തതുമാണ് കുപ്പിവെള്ളം വിപണിയില്‍ എത്തുന്നതിന് കാലത്താമസം നേരിടുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്ലാന്റിനുള്ള കെട്ടിടം, വൈദ്യൂതികരണം തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യ ജോലികളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു.പദ്ധതിക്കായി അഞ്ച് കോടിയിലധികം രൂപയാണ് ജലഅതോറിറ്റി ചെലവഴിക്കുന്നത്. വിപണി വിലയെക്കാള്‍ കുറഞ്ഞ നിരിക്കിലും കൂടിയ ഗുണമേന്മയിലും കുപ്പിവെള്ളം ലഭ്യമാക്കുക എന്ന് ലക്ഷ്യമിട്ട പദ്ധതി എങ്ങുമെത്താത്തത് അതോറിറ്റിക്കും തലവേദനയായിട്ടുണ്ട്.


ലിറ്ററിന് 20 രൂപയാണ് ഇപ്പോള്‍ വിപണിയില്‍ കുപ്പിവെള്ളത്തിന് വില. ‘കൂളിങ് ചാര്‍ജ്’ പേരില്‍ രണ്ടുരൂപ അധികമായി വാങ്ങുന്ന കടകളുമുണ്ട്. ഈ സാഹചര്യത്തില്‍ 12 മുതല്‍ 15വരെ രൂപക്ക് ഒരുലിറ്റര്‍ കുപ്പിവെള്ളം ഉപഭോക്താക്കള്‍ക്ക് എത്തിക്കാനാണ് ജല അതോറിറ്റി ആലോചിക്കുന്നത്.നിലവില്‍ ബി.ഐ.എസിന്റെ അംഗീകാരത്തോടെ 146 സ്വകാര്യ കുപ്പിവെള്ളം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്ക്. പ്രതിവര്‍ഷം ഈ കമ്ബനികള്‍ക്കെല്ലാം കൂടി 500 കോടിയുടെ വിറ്റുവരവാണുള്ളത്.

ദിവസവും ഒരു കോടിയിലധികം രൂപയുടെ കുപ്പിവെള്ളമാണ് മലയാളി കുടിച്ചുതീര്‍ക്കുന്നത്. ഇത്ര വലിയ വിപണിയുണ്ടായിരിക്കെയാണ് ജല അതോറിറ്റിയുടെ ഇടപെടല്‍ സാങ്കേതിക കാരണങ്ങളാല്‍ അനിശ്ചിതമായി നീളുന്നത്.



Sharing is Caring