‘രക്തം ചിന്തുന്ന പോരാട്ടം തുടരും’; ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ശബ്ദരേഖ പുറത്ത്


ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ(ഐഎസ്) തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ശബ്ദരേഖ പുറത്ത് വന്നു. ചോര ചിന്തുന്ന പോരാട്ടം തുടരുമെന്ന് 46 മിനിറ്റ് ദൈര്‍ഘ്യമുള്ള ശബ്ദരേഖയില്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി വ്യക്തമാക്കി. ഐഎസുമായി ബന്ധമുള്ള മാധ്യമ സ്ഥാപനമാണ് വാര്‍ത്ത പുറത്ത് വിട്ടത്.


ശബ്ദരേഖയല്‍ അമേരിക്ക- ഉത്തരകൊറിയ പ്രതിസന്ധിയെക്കുറിച്ചും ബാഗ്ദാദി പരാമര്‍ശിക്കുന്നുണ്ട്. ഇറാഖിലെ മൊസൂള്‍ ഉള്‍പ്പെടെയുള്ള ഐഎസ് കേന്ദ്രങ്ങളില്‍ നടന്ന ഏറ്റുമുട്ടലിനെക്കുറിച്ചും ഓഡിയോയില്‍ പരാമര്‍ശമുണ്ട്.


നവംബറിനും ശേഷം ബാഗ്ദാദിയുടെ ഓഡിയോ ക്ലിപ്പുകള്‍ പുറത്തിറങ്ങിയിരുന്നില്ല. 2014ല്‍ ഖിലാഫത്ത് പ്രഖ്യാപിക്കാനായി മൊസൂളിലെ അല്‍ നൂഫറി പള്ളിയിലാണ് ബാഗ്ദാദി അവസാനമായി പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടത്.
ശബ്ദരേഖയുടെ ഉറവിടമോ റെക്കോര്‍ഡ് ചെയ്ത തീയ്യതിയോ വ്യക്തമല്ല. വ്യോമാക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ബാഗ്ദാദി മരിച്ചുവെന്നതിന് തെളിവുകള്‍ ലഭിക്കുന്നത് വരെ ഈ വാര്‍ത്ത സ്ഥിരീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് അമേരിക്കയും റഷ്യയും കൈക്കൊള്ളുന്നത്.



Sharing is Caring