യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കേണ്ടെന്ന് കേന്ദ്രകമ്മിറ്റി


രാജ്യസഭയിലേക്ക് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മത്സരിക്കേണ്ടതില്ലെന്ന് കേന്ദ്രകമ്മിറ്റി. വിഷയം കേന്ദ്രകമ്മിറ്റി വോട്ടിനിട്ട് തള്ളി. കോണ്‍ഗ്രസ് പിന്തുണയോടെ യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കേണ്ടെന്ന ഉറച്ച നിലപാട് നേരത്തെ ചേര്‍ന്ന പി.ബി യോഗം സ്വീകരിച്ചിരുന്നു. പിന്നാലെയാണ് കേന്ദ്രകമ്മിറ്റിയും വിഷയം വോട്ടിനിട്ട് തള്ളിയത്.
പാര്‍ട്ടിയിലെ ബംഗാള്‍ ഘടകമാണ് യെച്ചൂരി കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. എന്നാല്‍, കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നത് സംബന്ധിച്ച പാര്‍ട്ടി കോണ്‍ഗ്രസ് നിലപാടില്‍നിന്ന് വ്യതിചലിക്കേണ്ടതില്ല എന്ന നിലപാടാണ് പി.ബി സ്വീകരിച്ചത്. ഇതിന് പിന്നാലെ മത്സരിക്കാനില്ലെന്ന് യെച്ചൂരി വ്യക്തമാക്കിയിരുന്നു. ഇക്കാര്യം കേന്ദ്രകമ്മിറ്റിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍, ബംഗാള്‍ ഘടകത്തിന്റെ ആവശ്യം പരിഗണിച്ചാണ് കേന്ദ്രകമ്മിറ്റിയില്‍ വോട്ടെടുപ്പ് നടത്തിയത്. എന്നാല്‍, ഭൂരിഭാഗം നേതാക്കളും യെച്ചൂരി മത്സരിക്കേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കേണ്ടെന്ന നിലപാടാണ് പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ സ്വീകരിച്ചത്. എന്നാല്‍ യെച്ചൂരിയെ മത്സരിപ്പിക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടിരുന്നു. എഴുതി തയ്യാറാക്കിയ തന്റെ അഭിപ്രായം വി.എസ് കേന്ദ്രകമ്മിറ്റിയെ അറിയിച്ചുവെന്നാണ് സൂചന.




Sharing is Caring