യൂബര്‍ ടാക്സി സമരം ഒത്തുതീര്‍ന്നു


എറണാകുളത്തെ യൂബര്‍ ടാക്സി സമരം ഒത്തുതീര്‍ന്നു. പിരിച്ചുവിട്ട ഡ്രൈവര്‍മാരെ തിരിച്ചെടുക്കുമെന്ന് കമ്പനി ഉറപ്പ് നല്‍കി. ഇതേത്തുടര്‍ന്ന് ആത്മഹത്യ ഭീഷണി മുഴക്കി ബഹുനില കെട്ടിടത്തിന് മുകളില്‍ കയറിയ ഡ്രൈവര്‍ താഴെയിറങ്ങി.


കഴിഞ്ഞ നാല് ദിവസമായി യൂബര്‍ ടാക്സി ഡ്രൈവര്‍മാര്‍ പാലാരിവട്ടത്തെ കമ്പനി ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരത്തിലായിരുന്നു. ഇതിനിടെയാണ് സമരത്തിലായിരുന്ന നവാസ് തൊട്ടടുത്ത ബഹുനില കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ശരീരത്ത് ഡീസല്‍ ഒഴിച്ച് നിന്ന ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് യൂബര്‍ മാനേജുമെന്റും പോലീസും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ പിരിച്ചുവിട്ട ഡ്രൈവര്‍മാരെ തിരിച്ചെടുക്കാമെന്ന് ധാരണയിലെത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് നവാസ് താഴെ ഇറങ്ങുകയായിരുന്നു.


നേരത്തെ പതിനഞ്ച് ഡ്രൈവര്‍മാരെ കമ്പനി പിരിച്ചുവിട്ടിരുന്നു. ഇവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. കൂടാതെ പുതിയ ഡ്രൈവര്‍മാരുമായി കമ്പനി കരാറില്‍ ഏര്‍പ്പെട്ടതോടെ ആദ്യകാലങ്ങളില്‍ കമ്പനിയുമായി സഹകരിച്ചിരുന്ന ഡ്രൈവര്‍മാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇതും സമരത്തിന് കാരണമായി.



Sharing is Caring