യുപിയില്‍ യോഗി – കോണ്‍ഗ്രസ് പോര് മുറുകുന്നു: പ്രിയങ്കയുടെ പേഴ്സണൽ സെക്രട്ടറിക്കും പിസിസി അധ്യക്ഷനുമെതിരെ കേസ്


അതിഥി തൊഴിലാളികൾക്കായുള്ള കോൺഗ്രസ് ബസ് സർവീസിനെ ചൊല്ലിയുള്ള രാഷ്ട്രീയ പോര് മുറുകുന്നു. യുപിയിലേക്ക് അനുമതി കൂടാതെ ബസുകൾ കടത്തിവിടാൻ ശ്രമിച്ചതിന് പ്രിയങ്ക ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറി സന്ദീപ് സിങിനും യുപി പിസിസി അധ്യക്ഷൻ അജയ് കുമാർ ലല്ലുവിനും എതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു. യുപി – രാജസ്ഥാൻ അതിർത്തിയായ നാഗ്ലയിൽ ബസുകൾ അനുമതി കാത്ത് കിടക്കുകയാണ്.


അതിഥി തൊഴിലാളികൾക്കായുള്ള ബസ് സർവീസിനെ ചൊല്ലിയുള്ള യുപി സർക്കാർ – കോൺഗ്രസ് തർക്കം നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സന്ദീപ് സിങിനും അജയ് കുമാർ ലല്ലുവിനും എതിരെ ഹസ്രത്ത് ഗഞ്ച് പൊലീസ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തതോടെ പോര് മുറുകി. 1000 ബസുകളാണ് യുപി രാജസ്ഥാൻ അതിർത്തിയിൽ അനുമതി കാത്തുകിടക്കുന്നത്.


സർവീസിനുള്ള അനുമതി നൽകിയ ഉത്തർപ്രദേശ് സർക്കാർ രജിസ്ട്രേഷനായി ബസുകൾ ലക്നൗവിൽ എത്തിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഇല്ലെങ്കിൽ ഗാസിയബാദ്, നോയിഡ ജില്ലാ മജിസ്ട്രേറ്റുമാർക്ക് കൈമാറണമെന്നുമാണ് സർക്കാർ നിർദേശം. ലക്നൗവിലേക്ക് ബസുകള്‍ എത്തിക്കാൻ ആകില്ലെന്ന് പ്രിയങ്ക ഗാന്ധി സർക്കാരിനെ അറിയിച്ചിരുന്നു. നോയിഡയിലേക്കോ ഗാസിയബാദിലേക്കോ എത്തിക്കാൻ ബസ് അതിർത്തിയിൽ നിന്നും കടത്തിവിടണം എന്നാണ് നേതാക്കൾ ആവശ്യപ്പെടുന്നത്. ഇക്കാര്യം ഉന്നയിച്ച് നാഗ്‌ലയിൽ അജയ് കുമാർ ലല്ലു അടക്കമുള്ള കോൺഗ്രസ് നേതാക്കൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നേതാക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇതിനു ശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.



Sharing is Caring