യുകെയിലെ പൊതുതെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ ആദ്യമായി എഐ സ്ഥാനാര്‍ഥി


ലോകത്തിലെ ആദ്യത്തെ എഐ സ്ഥാനാർഥിയെ തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കാൻ യുകെയിലെ വോട്ടർമാർക്ക് അവസരം ലഭിച്ചിരിക്കുകയാണ്. വ്യവസായിയായ സ്റ്റീവ് എൻഡകോട്ടാണ് തനിക്ക് വേണ്ടി എഐ പ്രതിനിധിയെ രംഗത്ത് ഇറക്കിയിരിക്കുന്നത്. ജൂലൈ നാലിനാണ് ബ്രിട്ടണിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാൻ പോവുന്നത്. സ്വതന്ത്ര സ്ഥാനാർഥിയായ എൻഡകോട്ടിന് വേണ്ടി എഐ സ്റ്റീവ് എന്ന ഐഐ സാങ്കേതിക വിദ്യ പ്രകാരം പ്രവർത്തിക്കുന്ന അവതാരമാണുള്ളത്.


ന്യൂറൽ വോയ്സ് എന്ന സ്ഥാപനം നടത്തുന്ന 59കാരനായ സ്റ്റീവ് എൻഡകോട്ട് സ്വന്തമായി ഇപ്പോൾ ഒരു പാർട്ടിയും സ്ഥാപിച്ചിട്ടുണ്ട്. കൂടുതൽ എഐ സ്ഥാനാർഥികളെ തെരഞ്ഞെടുപ്പിൽ രംഗത്തിറക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് കൊണ്ടുള്ള പുത്തൻ പ്രചാരണരീതി ഈ തെരഞ്ഞെടുപ്പിൽ കാണാമെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ എഐ സ്റ്റീവ് ആണ് വിജയിക്കുന്നതെങ്കിൽ എൻഡകോട്ടായിരിക്കും എംപിയായി പാർലമെൻറിൽ എത്തുകയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.


എഐ സ്റ്റീവിനെ കുറിച്ച് കൂടുതൽ അറിയാം:

സ്റ്റീവ് എൻഡകോട്ടിനെ പ്രതിനിധീകരിക്കുന്ന ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (എഐ) സ്ഥാനാർഥിയാണ് സ്റ്റീവ്. ഈ വർഷം ജൂൺ 4ന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ ബ്രൈറ്റൺ പവിലിയൻ മണ്ഡലത്തിലാണ് ഈ സ്ഥാനാർഥി മത്സരിക്കുന്നത്. പരമ്പരാഗത രാഷ്ട്രീയക്കാരിൽ നിന്ന് വ്യത്യസ്തനായ ഒരു പരിസ്ഥിതി സൗഹൃദ മുതലാളിത്ത സ്ഥാനാർഥിയെന്നാണ് എഐ സ്റ്റീവിനെ എൻഡകോട്ട് വിശേഷിപ്പിക്കുന്നത്. എന്നാൽ മറ്റുള്ള സ്ഥാനാർഥികളെ പോലെത്തന്നെ സ്റ്റീവിനും ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള കഴിവുണ്ടെന്നും എൻഡകോട്ട് പറഞ്ഞു.

10000ത്തിലധികം സംഭാഷണങ്ങൾ നടത്താൻ എഐ സ്റ്റീവിന് സാധിക്കും. എപ്പോൾ വിളിച്ചാലും ഏത് വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കാനും ഇത് തയ്യാറാവുമെന്നും എൻഡകോട്ട് വ്യക്തമാക്കി. ന്യൂറൽ വോയ്സ് അവതരിപ്പിച്ചിട്ടുള്ള എഐ സ്ഥാനാർഥിയായ സ്റ്റീവ് ആളുകളോട് നേരിട്ട് ഇടപെട്ട് കൊണ്ടാണ് പ്രചാരണം നടത്തുന്നത്. എൽജിബിടി അവകാശങ്ങൾ ഹൗസിങ് പ്രശ്നങ്ങൾ, മാലിന്യ സംസ്കരണം, ഇസ്രായേൽ – ഹമാസ് യുദ്ധം, സൈക്ലിങ് ലെയിൻ, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളുമൊക്കെയായി ബന്ധപ്പെട്ട് എഐ സ്ഥാനാർഥിയോട് ആളുകൾക്ക് സംവദിക്കാൻ അവസരമുണ്ട്.



Sharing is Caring