യു.ഡി.എഫില്‍ നിന്ന് ഘടകകക്ഷികള്‍ അകലും; എല്‍.ഡി.എഫിന്റെ പ്രവര്‍ത്തനം ജനങ്ങളില്‍ മതിപ്പുണ്ടാക്കിയെന്ന് ഇ.പി ജയരാജന്‍


തിരുവനന്തപുരം: യു.ഡി.എഫിലെ ഘടകകക്ഷികള്‍ക്ക് തങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാണെന്ന് മനസിലാകുന്നുണ്ടെന്നും അവരവരുടെ വളര്‍ച്ച ലക്ഷ്യം വച്ച്‌ യു.ഡി.എഫില്‍ നിന്ന് ഘടകപാര്‍ട്ടികള്‍ അകലുമെന്നും വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. മുസ്ലീംലീഗ് മറ്റ് വഴികള്‍ നോക്കുന്നത് ഈ തകര്‍ച്ച കണ്ടിട്ടാണെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.


യു.ഡി.എഫ് തകര്‍ച്ചയുടെ വക്കിലാണ്. കേരളത്തില‍െ ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തി പ്രാപിക്കുകയാണെന്നും എല്‍.ഡി.എഫിന്റെ പ്രവര്‍ത്തനം ജനങ്ങളില്‍ മതിപ്പുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ദുര്‍ബലപ്പെടുകയാണെന്ന് മനസിലാക്കി യു.ഡി.എഫ് അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ വിളിച്ച്‌ പറയുകയാണെന്നും ജയരാജന്‍ കുറ്റപ്പെടുത്തി. ഇത് യു.ഡി.എഫിന് വിനാശം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നദികളില്‍ അടിഞ്ഞ് കൂടുന്ന മണല്‍ ആവശ്യത്തിന് എടുത്ത് ഉപയോഗിക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് പറഞ്ഞ ജയരാജന്‍ വസ്‍തുതകള്‍ നിരീക്ഷിച്ച്‌ ധാരണയുണ്ടാക്കി വേണം പ്രതിപക്ഷം വിമര്‍ശിക്കേണ്ടതെന്നും പറഞ്ഞു.




Sharing is Caring