വസായി: ‘മനുഷ്യത്വമുളളപ്പോഴാണ് നാമെല്ലാം മനുഷ്യരാകുന്നത്.’ മഹത്തായ ഈ സന്ദേശം പുതിയൊരു ജീവിതത്തിലേക്ക് കടക്കുന്ന വിവാഹ ദിനത്തില്‍ പ്രാവര്‍ത്തികമാക്കി ഈ നവ ദമ്ബതികള്‍. കൊവിഡ് രോഗം ദുരിതം വിതച്ച ഈ കാലത്ത്
വിവാഹ ദിവസം കൊവിഡ് രോഗികള്‍ക്കായി അമ്ബത് കിടക്കകള്‍ സംഭാവന ചെയ്തിരിക്കുകയാണ് മഹാരാഷ്ട്രയിലെ വസായിയിലെ എറിന് ലോബോ, മെര്ലിന് തസ്കാനോ എന്നീ ദമ്ബതികള്‍. വിവാഹത്തിന് വരുന്ന അധിക ചെലവുകള്‍ ചുരുക്കി ആ പണം ഉപയോഗിച്ച് കൊവിഡ് രോഗബാധിതര്‍ക്ക് സഹായമെത്തിച്ച് വിവാഹദിനത്തില്‍ തന്നെ അവര്‍ താരങ്ങളായി മാറിയിരിക്കുകയാണ്.

കൊവിഡ് സംസ്ഥാനത്ത് പിടിമുറുക്കിയ ഘട്ടം മുതല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരാണ് രണ്ടുപേരും. വിവാഹദിനത്തിലും ആ പ്രവൃത്തികള്‍ തുടരാന്‍ തന്നെ അവര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായിട്ടാണ് വിവാഹ ചെലവുകള്‍ വെട്ടിച്ചുരുക്കി ആ പണത്തിന് കിടക്കകള്‍, പുതപ്പുകള്‍,തലയിണകള്‍ എന്നിവ കൊവിഡ് രോഗികള്‍ക്ക് നല്‍കിയത്. ജൂണ്‍ 20നായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ ഉടന്‍ തന്നെ ക്വാറന്റീന് സെന്ററിലേക്ക് കിടക്കകളും മറ്റും കൈമാറി.
കുടിയേറ്റ തൊഴിലാളികളുടെ കമ്മ്യൂണിറ്റി അടുക്കളകള്ക്കായും പ്രവര്‍ത്തിച്ചു വരികയാണെന്ന് ദമ്ബതികള്‍ പറഞ്ഞു. രോഗികളെ കൂടുതല്‍ സഹായിക്കുന്നതിനായി ഇവര്‍ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് ഓക്സിജന്‍ സിലിണ്ടറുകള്‍ ദാനം ചെയ്യാന്‍ പദ്ധതിയിട്ടിട്ടുണ്ട്. പ്രതിസന്ധി ഘട്ടത്തിലുളള ഇവരുടെ ഈ നല്ല പ്രവൃത്തികള്‍ക്ക് നിരവധി പേര് ആശംസകള്‍ അറിയിച്ചിട്ടുണ്ട്.












