യാത്രക്കാരന്റെ ട്വീറ്റ് തുണയായി; ട്രെയിനില്‍ കടത്തിക്കൊണ്ടുപോയ 26 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി


ട്രെയിനില്‍ കടത്തിക്കൊണ്ടുപോകുകയായിരുന്ന 26 പെണ്‍കുട്ടികളെ റെയില്‍വേ പോലീസ് രക്ഷപെടുത്തി. യാത്രക്കാരിലൊരാള്‍ പോസ്റ്റ് ചെയ്ത ട്വീറ്റാണ് പെണ്‍കുട്ടികള്‍ക്ക് രക്ഷയായത്.


വ്യാഴാഴ്ച്ച മുസാഫര്‍പൂര്‍-ബാന്ദ്രാഅവാധ് എക്‌സ്പ്രസിലാണ് സംഭവം. എസ്5 കോച്ചില്‍ ഉണ്ടായിരുന്ന യാത്രക്കാരനാണ് തനിക്കൊപ്പം കോച്ചിലുള്ള പെണ്‍കുട്ടികളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികതയുണ്ടെന്നും അവരില്‍ പലരും കരയുകയാണെന്നും ട്വീറ്റ് ചെയ്തത്. ട്വീറ്റ് ശ്രദ്ധയില്‍പെട്ട വാരണാസിയിലെയും ലഖ്‌നൗവിലെയും ഭരണാധികാരികള്‍ ഉടനടി നടപടി സ്വീകരിക്കുകയും റെയില്‍വേപോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെയുള്ള സഹായവും റെയില്‍വേപോലീസിനു ലഭിച്ചു.


ഗോരഖ്പൂരിലെ ഗവണ്‍മെന്റ് റെയില്‍വേ പോലീസ് യൂണിറ്റ് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയും ആന്റി-ട്രാഫികിങ് വിങ്ങിന് വിവരങ്ങള്‍ കൈമാറുകയും ചെയ്തു. രണ്ട് ആര്‍പിഎഫ് ജവാന്മാരും ഗേരഖ്പൂരില്‍ നിന്ന് ആന്റി ട്രാഫികിങ് വിങ്ങിനൊപ്പം ട്രെയിനില്‍കയറി. കോച്ചിലുണ്ടായിരുന്ന 26 പെണ്‍കുട്ടികളും പ്രായപൂര്‍ത്തിയാകാത്തവരായിരുന്നു. ചോദ്യം ചെയ്തതില്‍ നിന്ന് ഇവര്‍ ബീഹാറിലുള്ളവരാണെന്ന് ബോധ്യപ്പെട്ടു.

എന്നാല്‍,എവിടേക്ക് പോകുകയാണെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം കുട്ടികള്‍ക്കില്ലായിരുന്നു. നര്‍കാടികാഗഞ്ചില്‍ നിന്ന് ഇദ്ഗാഹിലേക്കാണ് ഇവര്‍ ടിക്കറ്റെടുത്തിരുന്നത്. ഇരുപത്തിരണ്ടും അമ്ബത്തിയഞ്ചും വയസ് പ്രായമുള്ള രണ്ട് പുരുഷന്മാരാണ് കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്നത്. കുട്ടികളെ ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറി. എല്ലാവരും 10 നും 14നുമിടയില്‍ പ്രായമുള്ളവരാണ്.

കുട്ടികളുടെ മാതാപിതാക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും കൂടെയുണ്ടായിരുന്ന പുരുഷന്മാര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും റെയില്‍വേ പോലീസ് അറിയിച്ചു.



Sharing is Caring