യത്തീംഖാനയിലെ പീഡനം: ആറ് പേര്‍ അറസ്റ്റില്‍


വയനാട്ടിലെ യത്തീംഖാനയോടനുബന്ധിച്ചുള്ള സ്‌കൂളിലെ പ്രായപൂര്‍ത്തിയെത്താത്ത ഏഴ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച സംഭവത്തില്‍ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. യത്തീംഖാനയിലെ അന്തേവാസികളായ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥിനികളാണ് വയനാട്ടില്‍ നിരന്തര ലൈംഗിക ചൂഷണത്തിനു ഇരകളായത്.


കച്ചവടക്കാരനടക്കം ആറു പേരാണ് കുട്ടികളെ ആറു മാസമായി ചൂഷണം ചെയ്തുവന്നിരുന്നതെന്ന് പോലീസ് സ്ഥീരീകരിച്ചു. ഇവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ നല്‍കിയ പരാതിയിലാണ് കല്‍പ്പറ്റ പോലീസ് കേസെടുത്തത്. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു.


അടുത്തിടെ കുട്ടികളില്‍ ഒരാള്‍ കടയില്‍നിന്നു ഇറങ്ങുന്നതു സ്ഥാപനവുമായി ബന്ധപ്പെട്ട ഒരാള്‍ കണ്ടതാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിയാന്‍ കാരണമായത്. സ്ഥാപന അധികൃതര്‍ കാര്യങ്ങള്‍ വിശദമായി ചോദിച്ചപ്പോള്‍ കുട്ടി ചൂഷണവിവരം വെളിപ്പെടുത്തുകയായിരുന്നു. മൊബൈല്‍ ഫോണില്‍ അശ്ലില വീഡിയോ കാണിച്ചതിനുശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായാണ് പരാതി. സ്‌കൂളിന് സമീപം കട നടത്തുന്ന യുവാവും സംഘവുമാണ് കുട്ടികളെ പീഡിപ്പിച്ചതെന്നാണ് വിദ്യാര്‍ഥിനികള്‍ നല്‍കിയിരിക്കുന്ന പരാതി.



Sharing is Caring