ന്യൂഡല്‍ഹി: മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നാരോപിച്ചു മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്ത അഞ്ചു മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീട്ടുതടങ്കല്‍ വീണ്ടും സുപ്രീംകോടതി നീട്ടി. നാലാഴ്ച കൂടിയാണ് വീട്ടുതടങ്കല്‍ നീട്ടിയത്. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ജസ്റ്റീസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ വേണമെന്ന ആവശ്യവും കോടതി തള്ളി. മഹാരാഷ്ട്ര പോലീസിന് കേസില്‍ അന്വേഷണം തുടരാമെന്നും കോടതി നിരീക്ഷിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിന് വിരോധമല്ല കാരണം. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് വിചാരണ കോടതിയെ സമീപിക്കാമെന്നും കോടതി നിരീക്ഷിച്ചു.

എന്നാല്‍ ബെഞ്ചിലെ അംഗമായ ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഢ് വിഭിന്നമായ വിധിയാണ് പുറപ്പെടുവിച്ചത്. അന്വേഷണത്തിന് പ്രത്യേക സംഘം വേണമെന്ന വിധിയാണ് ചന്ദ്രചൂഢ് പുറപ്പെടുവിച്ചത്. മഹാരാഷ്ട്ര പോലീസിന്റെ അന്വേഷണത്തെ കുറിച്ച് ഗുരുതര സംശയം ഉണ്ടെന്നും ചന്ദ്രചൂഢ് നിരീക്ഷിച്ചു.
ഭീമ കൊറേഗാവ് സംഭവവുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് വരവര റാവു, അഡ്വ. സുധ ഭരദ്വാജ്, ഗൗതം നവലാഖ, അരുണ്‍ ഫെരേര, വെര്ണോല് ഗോണ്‍സാല്‍വസ് എന്നിവരെ പൂന പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനെതിരേ റോമില ഥാപ്പര്‍, പ്രഭാത് പട്നായിക്ക്, ദേവകി ജെയ്ന്‍, സതീഷ് ദേശ്പാണ്ഡെ, മജാ ദാരുവാല എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.













