ഹരിപ്പാട്: വൈദ്യുതി മേഖലയിലെ സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരേ അഴിമതി ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ അദാനിയുമായി രണ്ട് കരാറുകളുണ്ടാക്കിയെന്ന് പറഞ്ഞ ചെന്നിത്തല കരാറിന്റെ ലെറ്റര്‍ ഓഫ് അവാര്‍ഡും പുറത്തുവിട്ടു.
നാല് ഘട്ടങ്ങളിലായി വൈദ്യുതി വാങ്ങാനുള്ള കരാറാണ് അദാനിയുമായി ഉണ്ടാക്കിയത്. ലെറ്റര്‍ ഓഫ് അവാര്‍ഡ് നല്‍കുന്നതിന് മുമ്ബ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. മോദിക്കും പിണറായിക്കും ഇടയിലുള്ള പാലമാണ് അദാനിയെന്നും കഴിഞ്ഞ ദിവസത്തെ ആരോപണം ചെന്നിത്തല ആവര്‍ത്തിച്ചു. മോദി-അദാനി- പിണറായി കൂട്ടുകെട്ടുണ്ടെന്ന് ആരോപിച്ച ചെന്നിത്തല ഈ ബന്ധത്തിന്റെ പേരിലാണ് ലാവ്ലിന് കേസിലെ നടപടികള്‍ വൈകിക്കുന്നതെന്നും ആക്ഷേപിച്ചു.
ധനമന്ത്രി തോമസ് ഐസക്കിനെയും ചെന്നിത്തല നിശിതമായി വിമര്‍ശിച്ചു. 4000 കോടി കടമെടുത്തിട്ട് 5000 കോടി മിച്ചമുണ്ടെന്ന് പറയുന്ന അത്ഭുതം സൃഷ്ടിച്ചയാളാണ് തോമസ് ഐസക്കെന്നാണ് ചെന്നിത്തലയുടെ പരിഹാസം.