മോദി സര്‍ക്കാരിന്റെ അഴിമതിയുടെയും ചങ്ങാത്ത മുതലാളിത്തത്തിന്റെയും മുഖംമൂടി വലിച്ചുകീറുന്നതാണ് റഫേല്‍ കരാര്‍ സംബന്ധിച്ചുണ്ടായ വെളിപ്പെടുത്തലുകള്‍; പ്രകാശ് കാരാട്ടിന്റെ വിശകലനം


മോദി സര്‍ക്കാരിന്റെ അഴിമതിയുടെയും ചങ്ങാത്തമുതലാളിത്തത്തിന്റെയും മുഖംമൂടി വലിച്ചുകീറുന്നതാണ് റഫേല്‍ കരാര്‍ സംബന്ധിച്ച്‌ അടുത്തിടെ ഉണ്ടായിട്ടുള്ള വെളിപ്പെടുത്തലുകള്‍. അതുമാത്രമല്ല, 126 യുദ്ധവിമാനം വാങ്ങാനുള്ള കരാര്‍ റദ്ദാക്കി 36 നിര്‍മിത യുദ്ധവിമാനം ഇറക്കുമതി ചെയ്യാനുള്ള പുതിയ കരാറില്‍ എത്തുന്നതില്‍ പ്രധാനമന്ത്രിക്ക‌് നേരിട്ടുള്ള പങ്കാളിത്തവും പുറത്തായി.


കഴിഞ്ഞാഴ്ച മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഓളന്ദ് മാധ്യമങ്ങളോട് നടത്തിയ പ്രസ‌്താവനയോടെ മോഡി സര്‍ക്കാര്‍ മെനഞ്ഞെടുത്ത കള്ളക്കഥകള്‍ അപ്പടി പൊളിഞ്ഞു. അഴിമതി മൂടിവയ‌്ക്കാനുള്ള ശ്രമവും പാളി.


ഓളന്ദ് ഫ്രഞ്ച് വെബ്‌സൈറ്റിനോട് പറഞ്ഞത് റഫേല്‍ ഇടപാടിലെ ഇന്ത്യന്‍ പങ്കാളിയെ നിര്‍ദേശിച്ചത് ഇന്ത്യന്‍ സര്‍ക്കാര്‍തന്നെയാണെന്നാണ്. ഫ്രഞ്ച് സര്‍ക്കാരിനോ വിമാനനിര്‍മാതാവായ ദസ്സാള്‍ട്ടിനോ ഇക്കാര്യത്തില്‍ ഒരു പങ്കുമില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ‘ഈ വിഷയത്തില്‍ ഞങ്ങള്‍ക്ക് ഒരു തെരഞ്ഞെടുപ്പ് സാധ്യമായിരുന്നില്ല’ എന്ന് അര്‍ഥശങ്കയ‌്ക്കിടയില്ലാത്തവിധം ഓളന്ദ് വ്യക്തമാക്കി.

തൊട്ടടുത്ത ദിവസം സെപ്തംബര്‍ 22ന് ഫ്രഞ്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് സംസാരിക്കവെ ഓളന്ദ് ഇക്കാര്യങ്ങള്‍ ഒന്നുകൂടി വ്യക്തമാക്കി. ”മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം റഫേല്‍ ഇടപാട് സംബന്ധിച്ച്‌ നടന്ന ചര്‍ച്ചയില്‍ ഉരുത്തുരിഞ്ഞുവന്ന ‘പുതിയ ഫോര്‍മുലയിലാണ്’ റിലയന്‍സിന്റെ പേര് വന്നതെന്ന‌്” ഓളന്ദ് പറഞ്ഞുവെന്നായിരുന്നു എഎഫ്പിയുടെ റിപ്പോര്‍ട്ട‌്.

പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്റെ വാദമുഖങ്ങള്‍ ഇതോടെ പൊളിഞ്ഞു. ദസ്സാള്‍ട്ട് ആരെയാണ് ഇന്ത്യന്‍ പങ്കാളിയായി നിശ്ചയിച്ചതെന്ന് സര്‍ക്കാരിന‌് അറിയില്ലെന്നും ഈ തീരുമാനത്തില്‍ സര്‍ക്കാരിന് ഒരു പങ്കുമില്ലെന്നുമായിരുന്നു കുറച്ചുദിവസംമുമ്ബുവരെ നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നത‌്.

അഴിമതിയുടെ പ്രധാന തെളിവ് ഇന്ത്യന്‍ പങ്കാളിതന്നെയാണ്. 2012ല്‍ റഫേല്‍ യുദ്ധവിമാനം നിര്‍മിക്കുന്ന കമ്ബനിയായ ദസ്സാള്‍ട്ടിനെ തെരഞ്ഞെടുത്തത് ആഗോള ടെന്‍ഡറിലൂടെയായിരുന്നു. ഇന്ത്യന്‍ വ്യോമസേനയ‌്ക്ക് 126 യുദ്ധവിമാനം വാങ്ങുന്നതിനായിരുന്നു ഈ ടെന്‍ഡര്‍.

ധാരണപത്രം അനുസരിച്ച്‌ ദസ്സാള്‍ട്ടിന്റെ ഇന്ത്യന്‍ പങ്കാളി പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക‌് ലിമിറ്റഡ് (എച്ച്‌എഎല്‍) ആയിരുന്നു. എച്ച്‌എഎല്ലുമായി ചേര്‍ന്നാണ് 108 വിമാനം നിര്‍മിക്കുക. 18 വിമാനം ദസ്സാള്‍ട്ട് നിര്‍മിച്ച്‌ നല്‍കുകയും ചെയ്യും.

എന്നാല്‍, 2015 ഏപ്രിലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പാരീസില്‍ പോയപ്പോള്‍ 126 വിമാനം വാങ്ങാനുള്ള കരാര്‍ ഉപേക്ഷിക്കുകയും 36 നിര്‍മിത റഫേല്‍ യുദ്ധവിമാനം വാങ്ങാനുള്ള പുതിയ കരാറില്‍ ദസ്സാള്‍ട്ടുമായി ഒപ്പുവയ‌്ക്കുകയും ചെയ‌്തു. ഇതോടൊപ്പം മുഖ്യ പങ്കാളിയായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ തെരഞ്ഞെടുക്കുകയും 21,000 കോടി രൂപയുടെ കരാര്‍ പണി ഈ കമ്ബനിക്ക് നല്‍കുകയും ചെയ‌്തു.

ആദ്യത്തെ കരാര്‍ എന്തുകൊണ്ടാണ് റദ്ദാക്കിയത് എന്നതിന് തൃപ്തികരമായ ഒരു വിശദീകരണം ഇതുവരെയും ലഭ്യമായിട്ടില്ല. ടെന്‍ഡര്‍ ക്ഷണിക്കല്‍, അതിന്റെ വിശദമായ പരിശോധന എന്നിങ്ങനെ ദൈര്‍ഘ്യമേറിയ പ്രക്രിയയിലൂടെയാണ് ആദ്യ കരാര്‍ വ്യോമസേന ഉറപ്പിച്ചിരുന്നത്. 126 വിമാനം വാങ്ങണമെന്നതിലും തര്‍ക്കമൊന്നുമില്ല. കുറച്ച്‌ വിമാനംമാത്രമാണ് വ്യോമസേനയ‌്ക്കുള്ളത്. ആവശ്യമായ 42 സ്‌ക്വാഡ്രണ്‍ (ഒരു സ്‌ക്വാഡ്രണ്‍ 18 വിമാനമാണ്) വിമാനങ്ങളെങ്കിലും വ്യോമസേനയ‌്ക്ക് ആവശ്യമാണ്.

മോഡി സര്‍ക്കാര്‍, പ്രത്യേകിച്ച‌് പ്രതിരോധമന്ത്രി നിര്‍മല സീതരാമനും ധനമന്ത്രി അരുണ്‍ ജെയ്റ്റലിയും വിഷയം വഴിതിരിച്ചുവിടാനാണ് ശ്രമിക്കുന്നത്. വിമാനവില സംബന്ധിച്ചും എച്ച്‌എഎല്ലുമായി സംയുക്ത നിര്‍മാണം സംബന്ധിച്ചുമുള്ള ചര്‍ച്ച പുരോഗമിച്ചിരുന്നില്ല എന്നാണ് അവര്‍ വാദിക്കുന്നത്. ഒരു അഭിമുഖത്തില്‍ നിര്‍മല സീതാരാമന്‍ പറഞ്ഞത് എച്ച്‌എഎല്ലിലെ പശ്ചാത്തല സൗകര്യങ്ങളുടെ കുറവാണ് അവരുമായി കരാറിലെത്താന്‍ ദസ്സാള്‍ട്ട് തയ്യാറാകാതിരുന്നതെന്നാണ്.

എച്ച്‌എഎല്ലില്‍ പശ്ചാത്തല സൗകര്യമില്ലെന്ന നിര്‍മല സീതാരാമന്റെ വദത്തെ എച്ച്‌എഎല്ലിന്റെ ചെയര്‍മാന്‍സ്ഥാനത്തുനിന്ന‌് ഈ സെപ്തംബര്‍ ഒന്നിന് വിരമിച്ച ടി സുവര്‍ണ രാജു പൂര്‍ണമായും തള്ളിക്കളഞ്ഞു. ”വ്യോമസേനയുടെ പ്രധാന അവലംബമായ നാലാം തലമുറ വിമാനമായ 25 ടണ്‍ ഭാരമുള്ള സുഖോയ് 30 വിമാനം, എച്ച്‌എഎല്ലിന് നിര്‍മിക്കാന്‍ കഴിയുമെങ്കില്‍ എന്താണ് നിങ്ങളൊക്കെ പറയുന്നതിന്റെ അര്‍ഥം” എന്ന ചോദ്യമാണ് അദ്ദേഹം ഉയര്‍ത്തിയത്. നമുക്ക് തീര്‍ച്ചയായും അതിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദസ്സാള്‍ട്ടുമായി ഒരു കരാറിലുമെത്തിയിട്ടില്ലെന്ന കള്ളവും അദ്ദേഹം പൊളിച്ചുകൊടുത്തു. അദ്ദേഹം പറഞ്ഞു. ”ദസ്സാള്‍ട്ടും എച്ച്‌എഎല്ലും പരസ്‌പര പ്രവൃത്തി കൈമാറ്റ കരാറില്‍ (വര്‍ക്ക് ഷെയര്‍ എഗ്രിമെന്റ്) ഒപ്പുവയ‌്ക്കുകയും അത് സര്‍ക്കാരിന് കൈമാറുകയും ചെയ‌്തിരുന്നു.” എന്തുകൊണ്ടാണ് നിങ്ങള്‍ ആ ഫയല്‍ പുറത്തുവിടാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാത്തത്? അതെ, ആ ഫയല്‍ എല്ലാം വ്യക്തമാക്കും.

മുന്‍ എച്ച്‌എഎല്‍ ചെയര്‍മാന്‍ സത്യമാണ് പറഞ്ഞത്. ദസ്സാള്‍ട്ട് സിഇഒ എറിക‌് ട്രാപ്പിയര്‍ നടത്തിയ വാര്‍ത്താ സമ്മേളനവും ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. പ്രധാനമന്ത്രിയുടെ പാരീസ് യാത്രയ‌്ക്ക് രണ്ടാഴ്ചമുമ്ബ് ട്രാപ്പിയര്‍ പറഞ്ഞത് ”ഇടപാട് 95 ശതമാനവും പൂര്‍ത്തിയായി” എന്നും എച്ച്‌എഎല്ലുമായി വര്‍ക്ക് ഷെയര്‍ എഗ്രിമെന്റ് ഒപ്പിട്ടെന്നുമാണ്.

ചങ്ങാത്തമുതലാളിത്തം വരുന്ന വഴിയിതാണ്. പ്രതിരോധ ഉപകരണനിര്‍മാണത്തില്‍ ഒരു മുന്‍പരിചയവും അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനില്ല. യഥാര്‍ഥത്തില്‍ അദ്ദേഹത്തിന്റെ പല കമ്ബനിയും കഴുത്തോളം കടത്തിലാണ്. അത്തരമൊരു സ്വകാര്യകമ്ബനിക്ക് എങ്ങനെയാണ് അത്യാധുനിക ഉപകരണങ്ങളും യുദ്ധവിമാനങ്ങളും നിര്‍മിക്കാനുള്ള കരാര്‍ നല്‍കുക?
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേരിട്ടുള്ള പങ്ക് ഇവിടെയാണ് തെളിയുന്നത്. 2015 ഏപ്രിലിലാണ് മോഡി ഔദ്യോഗിക സന്ദര്‍ശനത്തിനായി ഫ്രാന്‍സിലേക്ക‌് പോകുന്നത്. ഈ സന്ദര്‍ശനത്തിനുമുമ്ബായി സര്‍ക്കാരിന്റെ ഒരു തലത്തിലും വ്യോമസേനയുമായിപ്പോലും ഒരു ചര്‍ച്ചയും നടന്നിരുന്നില്ല.

ദസ്സാള്‍ട്ടുമായി 126 വിമാനം വാങ്ങുന്ന കരാര്‍ ഉപേക്ഷിച്ച്‌ അതിലും കുറച്ച‌് വിമാനങ്ങള്‍ വാങ്ങുന്ന പുതിയ കരാറില്‍ ഒപ്പിടുമെന്ന ഒരു സൂചനയും ഉണ്ടായിരുന്നില്ല. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറെയോ സുരക്ഷ സംബന്ധിച്ച മന്ത്രിസഭാ സമിതിയെയോ ഈ വിഷയത്തെക്കുറിച്ച്‌ ധരിപ്പിച്ചതുമില്ല.

ഏതായാലും പ്രധാനമന്ത്രി ഫ്രാന്‍സിലേക്ക് പറന്നു. കൂടെയുണ്ടായിരുന്നവരില്‍ അനില്‍ അംബാനിയും ഉണ്ടായിരുന്നു. പുതിയ കരാര്‍ പ്രഖ്യാപനത്തിനുശേഷം അനില്‍ അംബാനി ദസ്സാള്‍ട്ട് സിഇഒയെ കണ്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മോഡിയുടെ അഭിപ്രായപ്രകാരമാണ് ഫ്രഞ്ച് കമ്ബനി അനില്‍ അംബാനിയുമായി കരാറിലെത്താന്‍ തയ്യാറായെതെന്ന് വിശ്വസിക്കാന്‍ ന്യായമുണ്ട്.

പൊതുമേഖലാ കമ്ബനിയായ എച്ച്‌എഎല്ലിനെ തഴഞ്ഞ് സ്വകാര്യകമ്ബനിയെ പങ്കാളിയായി തെരഞ്ഞെടുത്തത് പ്രതിരോധനിര്‍മാണം സ്വകാര്യവല്‍ക്കരിക്കുക എന്ന മോഡി സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമാണ്. എന്നാല്‍, തെരഞ്ഞെടുക്കപ്പെടാന്‍ അര്‍ഹതയില്ലാത്ത കമ്ബനിയെ തെരഞ്ഞെടുത്തതില്‍നിന്ന‌് കൊടുക്കല്‍ വാങ്ങലുകള്‍ നടന്നുവെന്ന് തീര്‍ച്ചയായും അനുമാനിക്കാം.

മോഡിയുടെ ഇന്ത്യയില്‍ അഴിമതിക്കും നിയമസാധുത ലഭിച്ചിരിക്കുകയാണ്. നിലവില്‍ കൈക്കൂലി നിയമപരമായിത്തന്നെ ഇലക്ടറല്‍ ബോണ്ടുകള്‍വഴി നല്‍കാം. ഒരു ചോദ്യവും ഇക്കാര്യത്തില്‍ ഉയരുകയുമില്ല.

പ്രധാനമന്ത്രിയുടെ ഈ സ്വേഛാപരമായ നടപടി ദേശീയസുരക്ഷയ‌്ക്കാണ് ക്ഷതമേല്‍പ്പിക്കപ്പെടുന്നത‌്. പ്രധാന വിഷയവും ഇതുതന്നെയാണ്. വ്യോമസേനയ‌്ക്ക് ആറ് സ്‌ക്വാഡ്രണ്‍ യുദ്ധവിമാനമെങ്കിലും അടിയന്തരമായി ആവശ്യമുണ്ട്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2007ലാണ് ഈ ആവശ്യം ആദ്യം ഉയര്‍ന്നത്.

വിശദമായ പ്രക്രിയ പൂര്‍ത്തിയാക്കിയാണ് നല്ല യുദ്ധവിമാനം കണ്ടെത്തിയതും 126 വിമാനം വാങ്ങുന്നതിന് 2012ല്‍ കരാറില്‍ എത്തിയതും. ഈ കരാര്‍ വേഗം നടപ്പാക്കുന്നതിനു പകരം മോഡി ആ കരാര്‍ തകര്‍ക്കുകയും പകരം രണ്ട് സ്‌ക്വാഡ്രണ്‍ അതായത് 36 റഫേല്‍ യുദ്ധവിമാനം വാങ്ങാനുള്ള കരാറിലെത്തുകയുമായിരുന്നു.

വ്യോമസേനയുടെ ആവശ്യങ്ങള്‍ ഒരു തരത്തിലും തൃപ്തിപ്പെടുത്തുന്നതല്ല ഈ യുദ്ധവിമാനങ്ങള്‍. വിമാനത്തിന്റെ വിലയെത്രയാണെന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ സര്‍ക്കാര്‍ വിസമ്മതിക്കുകയാണ്. ഇതിനെല്ലാം പുറമെ വ്യോമസേന 100 യുദ്ധവിമാനംകൂടി വാങ്ങാനുള്ള ആവശ്യം സര്‍ക്കാരിനു മുന്നില്‍ വച്ചിരിക്കുന്നു.

വിമാനങ്ങള്‍ വാങ്ങാനുള്ള പ്രക്രിയകള്‍ ഒരു ദശാബ്ദത്തോളം വൈകിപ്പിച്ചിരിക്കുകയാണ്. നിര്‍മിതവിമാനങ്ങളാണ് വാങ്ങുന്നത് എന്നതിനാല്‍ സാങ്കേതികവിദ്യ ഇന്ത്യക്ക‌് കൈമാറ്റം ചെയ്യപ്പെടുന്നുമില്ല. അതിനാല്‍, ഈ ഇടപാടില്‍ മോഡി രണ്ടുതരത്തില്‍ കുറ്റക്കാരനാണ്.

ഒന്നാമതായി ദേശീയസുരക്ഷ അപകടത്തിലാക്കിയതിന്. രണ്ടാമതായി അഴിമതിയും ചങ്ങാത്തമുതലാളിത്തവും പ്രോത്സാഹിപ്പിച്ചതിന്. നിഷ‌്പക്ഷമായ അന്വേഷണം പ്രധാനമന്ത്രിയെ പ്രതിക്കൂട്ടിലാക്കും.



Sharing is Caring