മൊഴികളില്‍ വ്യക്തതയില്ല; ദിലീപിനേയും നാദിര്‍ഷയേയും വീണ്ടും ചോദ്യം ചെയ്യും


നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ദിലീപിനു മേല്‍ കുരുക്ക് മുറുകുന്നു? ദിലീപും നാദിര്‍ഷയും ഇന്നലെ പോലീസിന് നല്‍കിയ മൊഴികളില്‍ വ്യക്തതയില്ല. ഇരുവരേയും വീണ്ടും ചോദ്യം ചെയ്യുമെന്ന് ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ് അറിയിച്ചു. ദിലീപിന്റെ പരാതിയിലും ഗൂഢാലോചനയിലുമാണ് ചോദ്യം ചെയ്യല്‍. കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരുത്താനുണ്ട്. ദിലീപിന് മുഖ്യപ്രതി സുനില്‍കുമാറുമായുള്ള ബന്ധത്തെ കുറിച്ച്‌ ഒന്നും പറയാന്‍ കഴിയില്ലെന്നും എസ്.പി പറഞ്ഞു.
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ തന്നെയാണ് വീണ്ടും മൊഴിയെടുക്കുന്നതെന്നും എസ്.പി വ്യക്തമാക്കി. ദിലീപിന്റെ പരാതിയില്‍ വിശദമായി പരിശോധിക്കേണ്ടതുണ്ട്. അതിനു ശേഷമേ കേസെടുക്കുന്ന കാര്യം തീരുമാനിക്കാന്‍ കഴിയൂ. ദിലീപിന്റെ പരാതിയില്‍ ഏറെ കാര്യങ്ങള്‍ അന്വേഷിക്കാനുണ്ടെന്നും റൂറല്‍ എസ്.പി അറിയിച്ചു.
ദിലീപിന്റെയും സുഹൃത്തുക്കളുടെയും മൊഴിയെടുപ്പ് പുലര്‍ച്ചെ പൂര്‍ത്തിയായ ഘട്ടത്തില്‍ ആവശ്യം വന്നാല്‍ വീണ്ടും വിളിപ്പിക്കുമെന്ന് റൂറല്‍ എസ്.പി പറഞ്ഞിരുന്നു. ഇവിടെ ആര്‍ക്കും ക്ലീന്‍ചിറ്റ് നല്‍കുന്ന വിഷയമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. തന്റെ പരാതിയില്‍ മൊഴി നല്‍കാനാണ് ഇന്നലെ പോലീസ് വിളിപ്പിച്ചതെന്ന ദിലീപിന്റെ വിശദീകരണം പൂര്‍ണ്ണമായും ശരിവയ്ക്കുന്നതല്ല എസ്.പിയുടെ പ്രസ്താവന.
ഇരുവരോടും കുറച്ചുദിവസം കൂടി കൊച്ചിയില്‍ ഉണ്ടാകണമെന്ന് പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ്, ബാങ്ക്, ബിസിനസ് ഇടപാടുകള്‍ പോലീസ് ചോദിച്ചറിയുന്നുണ്ട്.




Sharing is Caring