മെസിപ്പട ഫൈനലില്‍


കോപ്പ അമേരിക്കയില്‍ നിന്ന് യാങ്കിപ്പടയെ യാത്രയാക്കി മെസിയും സംഘവും ഫൈനലില്‍ കടന്നു.സെമി ഫൈനലില്‍ യുഎസ്എയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് നീലപ്പട കെട്ടുകെട്ടിച്ചത്. ഇരട്ട ഗോള്‍ നേട്ടവുമായി ഗോണ്‍സാലോ ഹിഗ്വെയ്‌നും ഓരോ ഗോള്‍ വീതം നേടി മെസിയും ലവേസിയുമാണ് അര്‍ജന്റീനയ്ക്ക് ഫൈനല്‍ പ്രവേശം സുഗമമാക്കിയത്.മത്സരം ആരംഭിച്ച് മൂന്നാം മിനിറ്റില്‍ തന്നെ ലവേസിയുടെ ഗോളിലൂടെ അര്‍ജന്റീന ആധിപത്യം സ്ഥാപിച്ചു. ഗോളിന് വഴി ഒരുക്കിയതോ സാക്ഷാല്‍ മെസിയും. ആടുത്ത ഊഴം മെസിയുടേതായിരുന്നു.
32-ാം മിനിറ്റില്‍ മെസിയുടെ ബൂട്ടില്‍ നിന്ന് പിറന്ന പന്ത് ഗോള്‍ വല ചലിപ്പിച്ചപ്പോള്‍ സ്‌റ്റേഡിയം ആര്‍ത്തു വിളിച്ചു. ഈ ഗോളോടെ 55 ഗോളുമായി മുന്‍ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ഗബ്രിയേല്‍ ബാറ്റിസ്റ്റൂട്ടയുടെ റെക്കോര്‍ഡാണ് മെസി മറികടന്നത്. ഫലമോ പകുതി സമയത്ത് അര്‍ജന്റീന 2-0ന് മുന്നില്‍.രണ്ടാം പകുതിയുടെ 50-ാം മിനിറ്റില്‍ ഹിഗൈ്വന്‍ അര്‍ജന്റീനയുടെ ലീഡ് ഉയര്‍ത്തി(3-0). 86-ാം മിനിറ്റില്‍ വീണ്ടും ഹ്വിഗൈന്‍ ഗോള്‍വല കുലുക്കിയപ്പോള്‍ 4-0ന് അര്‍ജ്ന്റീനിയ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.




Sharing is Caring