ന്യൂഡല്‍ഹി: അമേരിക്ക, യു.കെ, ജര്‍മ്മനി എന്നീ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ വികസിപ്പിച്ചെടുത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംനേടിയ സന്തോഷവാര്‍ത്ത പങ്കുവച്ച് കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് കഴിഞ്ഞ ദിവസം പാസ്വാന്‍ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു.
അന്താരാഷ്ട്ര നിലവാരമുള്ള ഇവ സുരക്ഷിതവും ഭാരം കുറഞ്ഞതുമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം പുറമേനിന്ന് വാങ്ങുന്നവയുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇതിന് വില കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം, നീതി ആയോഗ് എന്നിവയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ബി.ഐ.എസ്(2018) നിലവാരമുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ നിര്‍മ്മിച്ചത്.
ബിഐഎസ് നിശ്ചയിച്ചിട്ടുള്ള നിലവാരം അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് തുല്യമാണെന്ന് മന്ത്രി പറഞ്ഞു. ഇതിന് അഞ്ച് -പത്ത് വരെ കിലോഗ്രാം ഭാരമുണ്ട്. 70,000 മുതല്‍ 80,000വരെയാണ് വില. ഈ ജാക്കറ്റുകള്‍ ഇതിനോടകം തന്നെ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ടെന്ന സന്തോഷവും പാസ്വാന്‍ മാദ്ധ്യമങ്ങളോട് പങ്കുവച്ചു. കൂടാതെ ഇത് രാജ്യത്തുടനീളം തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍ ആര്‍മി ഉദ്യോഗസ്ഥര്‍ ജാക്കറ്റ് മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും അതിന്റെ സവിശേഷതകള്‍ വിശദീകരിക്കുകയും ചെയ്തു.വെടിയുണ്ടകളില്‍നിന്ന് 360 ഡിഗ്രിയില്‍ ശരീരത്തിന് സംരക്ഷണം നല്‍കുമെന്ന് ഇവര്‍ വിശദീകരിച്ചു. ഇവ ധരിച്ച് സൈനികര്‍ക്ക് ആയുധമുപയോഗിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകില്ലെന്നും അവര്‍ പറഞ്ഞു.













