മുപ്പത്തിമുക്കോടി ദൈവങ്ങള്‍ പശുവില്‍ വസിക്കുന്നു: രാജസ്ഥാന്‍ ജഡ്ജി


പശുവിനെ ദേശീയ മൃഗമാക്കണമെന്നും ഗോവധത്തിനുള്ള ശിക്ഷ മൂന്ന് വര്‍ഷത്തില്‍ നിന്നും ജീവപര്യന്തമാക്കണമെന്നും വിധി പുറപ്പെടുവിച്ച രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജി കൂടുതല്‍ പരാമര്‍ശങ്ങളുമായി രംഗത്ത്. താന്‍ ഒരു ശിവഭക്തനാണെന്നും ആത്മാവിന്റെ ശബ്ദമാണ് താന്‍ അനുവര്‍ത്തിക്കുന്നതെന്നും വിധിക്ക് ശേഷം ജസ്റ്റിസ് മഹേഷ് ചന്ദ് ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു.


‘മുപ്പത്തിമൂന്ന് കോടി ദേവീദേവന്‍മാര്‍ പശുവിനുള്ളില്‍ വസിക്കുന്നെന്നാണ് വിശ്വാസം.. ഓക്സിജന്‍ സ്വീകരിച്ച്‌ ഓക്സിജന്‍ പുറത്തുവിടുന്ന ഏകജീവിയാണ് പശു’ -ജസ്റ്റിസ് മഹേഷ് ചന്ദ് പറയുന്നു. പശുവിനെ ദേശീയ മൃഗമാക്കുകയും ചീഫ് സെക്രട്ടറിക്കും അഡ്വക്കേറ്റ് ജനറലിനെയും അവയുടെ നിയമപരമായ സംരക്ഷകരാക്കണമെന്നും 140ഓളം പേജ് വരുന്ന വിധിന്യായത്തില്‍ പറയുന്നുണ്ട്.


ഹൈന്ദവ ആദ്ധ്യാത്മികതയുടെ അടിസ്ഥാനം പശുവാണ്. ഇക്കാര്യം ഉള്‍ക്കൊണ്ടുകൊണ്ടാണ് നിര്‍ദേശം നല്‍കിയത്. നേപ്പാള്‍ പോലും പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡ് ഹൈക്കോടതി അടുത്തയിടെ ഗംഗാ, യമുനാ നദികള്‍ക്ക് വ്യക്തി പദവി നല്‍കിയിരുന്നു. സമാനമായ പദവി പശുവിനും നല്‍കണം -ജസ്റ്റിസ് ശര്‍മ വിശദമാക്കി.

നാല് വേദങ്ങളും മഹാഭാരതവും രാമായണവും ഉള്‍പ്പെടെയുള്ള പുണ്യഗ്രന്ഥങ്ങള്‍ പശുവിന്റെ മഹത്വം വ്യക്തമാക്കുന്നതിനായി വിധിന്യായത്തില്‍ ഉദ്ധരിച്ചിട്ടുണ്ടെന്നും ജസ്റ്റിസ് വെളിപ്പെടുത്തി. രാജസ്ഥാനില്‍ പുറപ്പെടുവിച്ചിരിക്കുന്ന വിധി മറ്റു സംസ്ഥാനങ്ങളും പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജസ്റ്റിസ് ശര്‍മ പറഞ്ഞു.

ബുധനാഴ്ച വിരമിക്കുന്ന ജ്സ്റ്റിസ് മഹേഷ് ചന്ദ് ശര്‍മയുടെ അവസാനത്തെ വിധിന്യായമായിരുന്നു ഇത്. ജയ്പൂരിലെ സര്‍ക്കാര്‍ ഗോശാലയില്‍ അഞ്ഞൂറിലേറെ പശുക്കള്‍ ചത്തത് സംബന്ധിച്ച കേസിലെ വിധിന്യായത്തില്‍ ജസ്റ്റിസ് മഹേഷ് ചന്ദ് ശര്‍മ ഗോമൂത്രത്തിന്റെ 11 ഗുണങ്ങള്‍ എടുത്തുപറഞ്ഞിരുന്നു.

അതിനിടെ, വിധി പുറത്തുവന്നശേഷം ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മറ്റുചില പരാമര്‍ശങ്ങളും ജസ്റ്റിസിന്റെ ഭാഗത്തു നിന്നുണ്ടായി.

ദേശീയപക്ഷിയായ മയില്‍ ബ്രഹ്മചാരിയാണെന്നാണ് ന്യൂസ്18 അഭിമുഖത്തില്‍ ജസ്റ്റിസ് ശര്‍മ പറഞ്ഞത്. മയിലുകള്‍ ഇണചേരുകയില്ലെന്നും പെണ്‍മയില്‍ ആണ്‍മയിലിന്റെ കണ്ണുനീര്‍ കുടിക്കുന്നതിലൂടെയാണ് ഗര്‍ഭം ധരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഇതിനാലാണ് കൃഷ്ണന്‍ മയില്‍പീലി തലയില്‍ ചൂടിയിരുന്നതെന്നും ജസ്റ്റിസ് ശര്‍മ കൂട്ടിച്ചേര്‍ത്തു.

പശുവിന്റെ പാലിന് പകരംവയ്ക്കാന്‍ മറ്റൊന്നുമില്ല. നാം ജീവിക്കുന്നതുതന്നെ അതിലാണ്. പശുവിന്റെ മൂത്രം ഔഷധഗുണമുള്ളതും ചികിത്സാ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതുമാണ്. പശുവിന്റെ മരണത്തിനു ശേഷവും അത് നമുക്ക് പ്രയോജനം ചെയ്യുന്നു. താന്ത്രിക ക്രിയകള്‍ക്ക് പശുവിന്റെ അസ്ഥികള്‍ ഉപയോഗിക്കാറുണ്ടെന്നും ജസ്റ്റിസ് ശര്‍മ ചൂണ്ടിക്കാട്ടി.



Sharing is Caring