മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെട്ടില്ലെങ്കിലും അര്‍ഹരായവര്‍ക്കു റേഷന്‍ നല്‍കണമെന്നു മന്ത്രി പി.തിലോത്തമന്‍. അര്‍ഹരെ ഉദ്യോഗസ്ഥരെക്കാള്‍ കൂടുതല്‍ അറിയുക റേഷന്‍ കട ഉടമകള്‍ക്കാണ്. അതിനാല്‍ അവര്‍ക്കു, പട്ടികയില്‍ ഇടം നേടാത്ത അര്‍ഹര്‍ക്ക് ആനുകൂല്യം നല്‍കാം. റേഷന്‍ വ്യാപാരികളുടെ നേതൃത്വത്തില്‍ ‘ഭക്ഷ്യഭദ്രതാ നിയമം സൗഹൃദ സംഗമം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മുന്‍ഗണനാ പട്ടികയില്‍ ഇടംനേടിയ അനര്‍ഹര്‍ക്കു ഭക്ഷ്യധാന്യം നല്‍കരുതെന്നു വ്യാപാരികളോട് അദ്ദേഹം ആവശ്യപ്പെട്ടു.
പാവപ്പെട്ടവരില്‍ പാവപ്പെട്ടവരെയാണു പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടത്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ ക്ലാസ് ഫോര്‍ ജീവനക്കാരെ നിബന്ധന പ്രകാരം മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തും.
നിലവില്‍ പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ പരിഹരിക്കും. ജനപ്രതിനിധികളുടെ തല്‍പര്യമല്ല നടപടികള്‍ക്ക് ആധാരം. ജില്ലാകലക്ടര്‍, ജില്ലാ സപ്ലൈ ഓഫിസര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുടെ അംഗീകാരത്തോടെയാണു പട്ടിക അംഗീകരിക്കുക. മുന്‍ഗണനാ പട്ടിക അവസാനിക്കുന്നില്ല. സംസ്ഥാനത്തു 1.21 കോടി അര്‍ഹരുണ്ടാകും. മുന്‍ സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് ഈ പദ്ധതി.
റേഷന്‍ വ്യാപാരികളുടെ വേതനം, കമ്മിഷന്‍തുക, ലഭിക്കേണ്ട ഭക്ഷ്യ ധാന്യം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 14ന് ഉദ്യോഗസ്ഥരുടെയും റേഷന്‍ വ്യാപാരി സംഘടനകളുടെ നേതൃത്വത്തില്‍ യോഗം ചേരും. പൂര്‍ണമായ മുന്‍ഗണനാ പട്ടിക മാര്‍ച്ചില്‍ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.












