മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച ബഹ്‌റൈനില്‍


കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ത്രിദിന സന്ദര്‍ശനത്തിനായി വ്യാഴാഴ്ച ബഹ്‌റൈനിലെത്തും.
മുഖ്യമന്ത്രിയായശേഷമുള്ള അദ്ദേഹത്തിന്റെ പ്രഥമ ബഹ്‌റൈന്‍ സന്ദര്‍ശനമാണിത്. ബഹ്‌റൈന്‍ കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ അതിഥിയായാണ് മുഖ്യമന്ത്രി ബഹ്‌റൈനിലെത്തുന്നത്.


ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ, കിരീടാവകാശി എന്നിവരുമായി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.


ബഹ്‌റൈനിലെത്തുന്ന ആദ്യദിവസം പിണറായി വിജയന് വേണ്ടി ബഹ്‌റൈന്‍ വിദേശമന്ത്രി ഷേഖ്് ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫ വിരുന്നൊരുക്കുന്നുണ്ട്. തുടര്‍ന്ന് വൈകിട്ട് 5 മണിക്ക് ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ 70-ാം വാര്‍ഷികാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

വെള്ളിയാഴ്ച രാവിലെ 9.30ന് അദ്ദേഹം തലസ്ഥാനമായ മനാമയിലെ പ്രശസ്തമായ ബാബ്ല് ബഹ്‌റൈന്‍ സൂഖ് സന്ദര്‍ശിക്കും. തുടര്‍ന്ന് ബഹ്‌റൈനെ സൗദിയുമായി ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ് വേയും സന്ദര്‍ശിക്കും. വൈകിട്ട് 5 മണിക്ക് സമാജത്തില്‍ നടക്കുന്ന പൗരസ്വീകരണത്തിലും അദ്ദേഹം പങ്കെടുക്കും.



Sharing is Caring