മുഖ്യമന്ത്രി ആഭ്യന്തരം ഒഴിഞ്ഞില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം -ഹസന്‍


മാന്നാനം: പൊലീസ് വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിഞ്ഞില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം. ഹസന്‍. ഇതുസംബന്ധിച്ച അന്തിമ തീരുമാനം കെ.പി.സി.സി യോഗം സ്വീകരിക്കുമെന്നും ഹസന്‍ പറഞ്ഞു. കൊല്ലപ്പെട്ട കെവിന്‍റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ആഭ്യന്തര വകുപ്പ് പൂര്‍ണ പരാജയമാണെന്നും എത്രയും വേഗം അഴിച്ചു പണിയണമെന്നും ഹസന്‍ ആവശ്യപ്പെട്ടു. വാരാപ്പുഴയിലെ സംഭവത്തിന്‍റെ ആവര്‍ത്തനമാണ് കോട്ടയത്തേത്. വാരാപ്പുഴയില്‍ ശ്രീജിത്തിനെ പൊലീസ് ഉരുട്ടിക്കൊന്നു. കെവിന്‍ പൊലീസിന്‍റെ അനാസ്ഥയില്‍ കൊല്ലപ്പെട്ടു. ഫോണില്‍ ബന്ധപ്പെട്ട പ്രതികളെ പിന്തുടര്‍ന്ന് പിടികൂടാന്‍ പൊലീസിന് സാധിക്കാത്തത് കൃത്യവിലോപമാണെന്നും ഹസന്‍ വ്യക്തമാക്കി.


പൊലീസ് തക്കസമയത്ത് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ കെവിന്‍റെ ജീവന്‍ രക്ഷിക്കാമായിരുന്നു എന്നാണ് വാര്‍ത്തകളിലൂടെ മനസിലാകുന്നത്. നിലവിലെ അന്വേഷണം തൃപ്തികരമല്ല. കാരണം, കൊലയാളികളെ സംരക്ഷിക്കുന്ന തരത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കോടതിയുടെ നിരീക്ഷണത്തിലുള്ള ഐ.ജിയുടെ അന്വേഷണമാണ് വേണ്ടതെന്നും ഹസന്‍ ചൂണ്ടിക്കാട്ടി.



Sharing is Caring