വ്യവസായിയുടെ മൃതദ്ദേഹം ട്രെയിനിന്റെ ശുചിമുറിയില്‍ കിടന്നത് 72 മണിക്കൂര്‍


കാണ്‍പൂര്‍: ട്രെയിന്‍ യാത്രയ്ക്കിടെ മരിച്ച വ്യവസായിയുടെ മൃതദ്ദേഹം ശുചിമുറിയില്‍ കിടന്നത് 72 മണിക്കൂര്‍. ശുചിമുറി അകത്ത് നിന്നും പൂട്ടിയിരുന്നതിനാല്‍ വിവരം ട്രെയിനിലുള്ളവര്‍ അറിഞ്ഞില്ല. ഈ മാസം 24നാണ് കാണ്‍പൂര്‍ സ്വദേശിയും വ്യവസായിയുമായ സഞ്ജയ് കുമാര്‍ അഗര്‍വാള്‍ പട്‌ന -കോട്ട ക്‌സ്പ്രസില്‍ യാത്ര ചെയ്തത്. ആഗ്രയില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു അദ്ദേഹം. അന്ന് തന്നെ വൈകിട്ട് 7.30ന് യാത്രയ്ക്കിടെ സഞ്ജയ് ഭാര്യയെ ഫോണില്‍ വിളിയ്ക്കുകയും സുഖമില്ലാത്തതിനാല്‍ യാത്ര ഒഴിവാക്കുമെന്നും അറിയിച്ചിരുന്നു.


ത്രീ ടയര്‍ എസി കോച്ചിലാണ് അദ്ദേഹം യാത്ര ചെയ്തത്. പിന്നീട് ഭാര്യ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. 72 മണിക്കുറിനു ശേഷം പട്‌നയില്‍ ട്രെയിന്‍ നിറുത്തിയപ്പോള്‍ കോച്ചിന്റെ
ശുചിമുറിയില്‍ നിന്നും ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശുചിമുറിയുടെ വാതില്‍ അകത്ത് നിന്നും പൂട്ടിയിരുന്നതിനാലാണ് മണിക്കൂറുകളോളം ശ്രദ്ധയില്‍പെടാതിരുന്നത്. ശുചിമുറി പൂട്ടിക്കിടക്കുന്നത് കണ്ട് പൊലീസ് വാതില്‍ തകര്‍ത്ത് കയറുകയായിരുന്നു.


24ന് തന്നെ സഞ്ജയ് മരിച്ചു. 26ന് രാവിലെയാണ് മൃതദ്ദേഹം കണ്ടെടുത്തത്. സഞ്ജയ് റിസര്‍വേഷന്‍ ഇല്ലാതെയാണ് സഞ്ചരിച്ചിരുന്നതെന്നും സൂചനകളുണ്ട്.



Sharing is Caring