മുംബൈയില്‍ 2008ല്‍ ഭീകരാക്രമണം നടത്തിയത് പാക്കിസ്ഥാനിലെ ഭീകരസംഘടനകള്‍ തന്നെയാണെന്ന് മുന്‍ പാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മഹ്മൂദ് അലി ദുറാനി സമ്മതിച്ചു.
2008 നവംബര്‍ 26ന് നടന്ന മുംബൈ ഭീകരാക്രമണം അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനത്തിന് ഒന്നാംതരം ഉദാഹരണമാണ്. ദല്‍ഹി പ്രതിരോധ പഠന വിശകലന ഇന്‍സ്റ്റിറ്റ്യൂട്ടിലെ സെമിനാറില്‍ ദുറാനി പറഞ്ഞു. എന്നാല്‍ പാക്ക് സര്‍ക്കാരിന് ഇതില്‍ ഒരു പങ്കുമില്ലെന്നാണ് ദുറാനിയുടെ അവകാശവാദം. ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് പാക്കിസ്ഥാന് പറഞ്ഞുകൊണ്ടിരിക്കുന്നത്. നിരവധി തെളിവുകള്‍ ഭാരതം കൈമാറിയിട്ടും പാക്കിസ്ഥാന് അവയൊന്നും അംഗീകരിച്ചിരുന്നുമില്ല. അതിനിടയ്ക്കാണ് പാക്ക് ഭീകരസംഘടനകള്‍ തന്നെയാണ് സംഭവത്തിനു പിന്നിലെന്ന് മുന്‍ സുരക്ഷാ ഉപദേഷ്ടാവ് സമ്മതിച്ചിരിക്കുന്നത്.

സെമിനാറില്‍ ദുറാനി ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമായത്ത് ഉദ് ധവ മേധാവിയുമായ ഹാഫീസ് സെയ്ദിനെതിരെ ആഞ്ഞടിച്ചു. സെയ്ദിനെതിരെ നാം നീങ്ങണം. ദുറാനി പറഞ്ഞു.
മോദി സര്‍ക്കാരിന്റെയും അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന്റെയും കടുത്ത സമ്മര്‍ദ്ദഫലമായി സെയ്ദിനെ പാക്ക് സര്‍ക്കാര്‍ അറസ്റ്റു ചെയ്ത് ലാഹോറില്‍ വീട്ടുതടങ്കലില്‍ ആക്കിയിരിക്കുകയാണ്. ഇയാള്‍ക്കെതിരെ ഭീകരവിരുദ്ധ നിയമവും ചുമത്തിയിട്ടുണ്ട്. എന്നാല്‍ ഈ നടപടികള്‍ കണ്ണില്‍പൊടിയിടാനുള്ള നടപടികളാണെന്ന നിലപാടിലാണ് ഭാരതം.












